തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നതെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ആരോപിച്ച കോടിയേരി നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്നും പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
തിരുവോണ നാളില്‍ കോണ്‍ഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നത്.
കോണ്‍ഗ്രസിന്റെ വടിവാള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മള്‍ മുന്നോട്ടു പോവുമ്പോള്‍, കൊലക്കത്തിയുമായി ജീവനെടുക്കാന്‍ ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകം. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തില്‍ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
കോണ്‍ഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികള്‍ കൊണ്ടും പ്രസ്താവനകള്‍ കൊണ്ടും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയര്‍ന്നുവരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക