|

സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാക്കളെ പുറത്താക്കി; പരിഹാസവുമായി വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത ഡി.വൈ.എഫ്.ഐ നേതാക്കളെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, വൈസ് പ്രസിഡന്റ് നിയാസ് എന്നിവരെയാണ് ആറ് മാസത്തേക്ക് ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത്.

സി.പി.ഐ.എം പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംഭവം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള മേലത്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്.

രാജീവ്, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. ഓഫീസിലെ ഫര്‍ണീച്ചറും ടി.വിയും തകര്‍ത്ത സംഘം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നവരെ ആക്രമിച്ചതായും പരാതിയുണ്ട്.

അതേസമയം, സി.പി.ഐ.എം ഓഫിസ് ഡി.വൈ.എഫ്.ഐക്കാര്‍ അടിച്ചു തകര്‍ത്തതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തി.

എ.കെ.ജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതര്‍ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പൊലീസിനും നാട്ടുകാര്‍ക്കും അറിയാം. പക്ഷേ പറയൂല. സി.പി.ഐ.എം ഓഫിസിലെ ഇ.എം.എസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂള്‍ ഇറക്കാമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അറിയിച്ചതായുമാണ് പൊലീസ് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് എസ്.എഫ്.ഐ
കെ.പി.സി.സി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്എഫ്‌ഐയും ഡി.വൈ.എഫ്.ഐയും
പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലില്‍ കയറ്റിവച്ചത് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സിപിഎമ്മും
എകെജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതര്‍ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാര്‍ക്കും അറിയാം. പക്ഷേ പറയൂല.
ഇപ്പോഴിതാ സി.പി.ഐ.എം ഓഫീസ് അടിച്ചുതകര്‍ത്ത് വീണ്ടും ഡി.വൈ.എഫ്.ഐ.
ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇ.എം.എസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോണ്‍ഗ്രസാണെന്ന് ഒരു ക്യാപ്‌സ്യൂള്‍ ഇറക്കാം. ഏറ്റെടുക്കാന്‍ അന്തം കമ്മികള്‍ ധാരാളമുണ്ടാവും.

Content Highlight: DYFI leaders dismissed for attacking of  CPIM branch committee office