കൊല്ലം: കൊച്ചിയില്‍ ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ തമിഴ്‌നാട് സംഘത്തെ ചെക്ക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥരും ഗുണ്ടകളും ചേര്‍ന്ന് കൊള്ളയടിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ തിരുപ്പൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഗുഡിമംഗലം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ വി. രംഗനാഥനാണു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയത്.
ഗോവിന്ദാപുരം ആര്‍.ടി.ഒ ചെക് പോസ്റ്റില്‍ ഉദ്യോഗസ്ഥരും ഗുണ്ടകളും ചേര്‍ന്നു വാഹനം കൊള്ളയടിച്ചുവെന്നാണ് പരാതി.
ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉദുമല്‍പ്പേട്ടയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. ഇവരുടെ വാഹനം ഫെബ്രുവരി അഞ്ചിന് രാവിലെ ഏഴിന് ഗോവിന്ദാപുരം ചെക് പോസ്റ്റില്‍ എത്തി.
ചെക് പോസ്റ്റില്‍ എത്തിയ ഇവരോട് 1600രൂപ ഫീസായി ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള 600രൂപ മാത്രമേ നല്‍കുകയുള്ളൂവെന്നു പറഞ്ഞപ്പോള്‍ ഓഫീസിനു മുന്നില്‍ നിന്ന ഗുണ്ടകളും ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തി.
പറഞ്ഞ തുക നല്‍കിയില്ലെങ്കില്‍ വാഹനം കടത്തിവിടില്ലെന്നും പറഞ്ഞു. ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണെന്നു പറഞ്ഞപ്പോള്‍ ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു.
1600 രൂപ നല്‍കാമെന്നും എന്നാല്‍ രസീത് വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ അധികമായി ചോദിച്ച 1000 രൂപ നല്‍കാന്‍ മടിയാണെങ്കില്‍ 11,000രൂപ നല്‍കിയിട്ടുപോയാല്‍ മതിയെന്നു പറഞ്ഞു ഗുണ്ടകളും ജീവനക്കാരും രംഗത്തെത്തി.
ഇതേത്തുടര്‍ന്ന് 1600രൂപ കൊടുക്കാമെന്ന് പാര്‍ട്ടിക്കാര്‍ സമ്മതിച്ചു. ഈ തുക വാങ്ങിയശേഷം ജീവനക്കാര്‍ വാഹനം രണ്ടു മണിക്കൂറോളം അവിടെ തടഞ്ഞുവെച്ചു. തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ പണം അടച്ചതിന്റെ രസീതും വാഹനത്തിന്റെ ഇന്‍ഷുറന്‍സ് രേഖകളും ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് പിടിച്ചെടുത്തശേഷമാണ് വാഹനം വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.