| Monday, 8th April 2024, 10:33 pm

പാനൂര്‍ ബോംബ് സ്‌ഫോടനം: ഒളിവിലായിരുന്ന മുഖ്യ സൂത്രധാരനായ ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മുഖ്യ സൂത്രധാരനായ ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍. ഡി.വൈ.എഫ്.ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് കസ്റ്റഡിയിലായിരിക്കുന്നത്. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് പിടി കൂടിയത്.

ബോംബ് ഉണ്ടാക്കാന്‍ ആസൂത്രണം നടത്തിയതും അതിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചതും ഷിജാലാണെന്ന് പൊലീസ് പറഞ്ഞു. ഷിജാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് അറസ്റ്റിലായ ആറ് പ്രതികളും മൊഴി നല്‍കിയിരിക്കുന്നത്.

പാനൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായവരില്‍ ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നേരത്തെ സമ്മതിച്ചിരുന്നു. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡി.വൈ.എഫ്‌ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അറിയിച്ചിരുന്നു.

അതേസമയം കേസില്‍ അറസ്റ്റിലായ പ്രതികളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അറസ്റ്റിലായ പ്രതിയുടെ പിതാവും ഉള്‍പ്പടെയുള്ളവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ മുഖ്യ സൂത്രധാരനായ ഷിജാല്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ആണെന്ന വിവരം പൊലീസ് പുറത്തുവിട്ടത്.

കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ള പ്രതികള്‍ക്കെല്ലാം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കേസില്‍ ആകെ 12 പ്രതികളാണ് ഉള്ളത്.

പാനൂരില്‍ നടന്ന നിര്‍മാണത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

ഇതിനുപുറമെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി എ.ഡി.ജി.പി എം.ആര്‍. അജിത് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ വെക്കണമെന്നാണ് പ്രധാന നിര്‍ദേശം.

Content Highlight: DYFI leader, the main mastermind in the Pannur case, arrested

We use cookies to give you the best possible experience. Learn more