കോഴിക്കോട്: ഈസ്റ്റര്‍ ദിനത്തില്‍ ജോയ്‌സ്‌നയുടെ ചിത്രം പങ്കുവെച്ച് കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഡി.വൈ.എഫ്.ഐ. നേതാവ് ഷെജിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഷെജിന്‍ തന്റെ പങ്കാളിയായ ജോയ്‌സ്‌നയുടെ ചിത്രം പങ്കുവെച്ചത്.
‘നന്മയുടേയും സ്‌നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് ഷെജിന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇരുവര്‍ക്കും ഈസ്റ്റര്‍ ആശംസയര്‍പ്പിച്ച് നിരവധി കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും സി.പി.ഐ.എം കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ഷെജിന്‍ ജോയ്‌സ്‌നയെ വിവാഹം ചെയ്യുന്നത്.
എന്നാല്‍, ഇതിന് പിന്നാലെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ ലവ് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ഇരുവരുടേയും വിവാഹത്തിന് വിവാദ സ്വഭാവം കൈവരികയായിരുന്നു.
എന്നാല്‍, ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടി പരിശോധിക്കുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ആ തെരെഞ്ഞെടുപ്പ് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. ഒരാള്‍ തെരഞ്ഞെടുക്കുന്ന പങ്കാളി മറ്റൊരു മതവിഭാഗത്തില്‍ പെട്ടതാണെങ്കില്‍ അത് ലവ് ജിഹാദാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ല.
എന്താണ് ഈ ലവ് ജിഹാദ്. ഇന്റര്‍കാസ്റ്റ് വിവാഹവും ഇന്റര്‍ഫെയ്ത്ത് വിവാഹവും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഒരു മതവിഭാഗത്തിലുള്ള വ്യക്തി മറ്റൊരു മതവിഭാഗത്തില്‍ പെട്ട വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല,’ യെച്ചൂരി പറഞ്ഞു. തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസും പറഞ്ഞിരുന്നു.
അതേസയം, തന്റെ വിവാഹം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ഷെജിനും അറിയിച്ചിരുന്നു.
‘പ്രിയപ്പെട്ടവരേ. ഞാനും ജോയ്സ്നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത് (ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല).
പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്.ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, ഞങ്ങളെ
സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്, എന്നായിരുന്നു ഷെജിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Content Highlight: DYFI leader Shejin shares photo of Joysna