രണ്ടാം വിമോചന സമരം അനുവദിക്കില്ല; ബ്ലോക്ക് കേന്ദ്രങ്ങളില്‍ നവോത്ഥാന സദസ് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ
Sabarimala women entry
രണ്ടാം വിമോചന സമരം അനുവദിക്കില്ല; ബ്ലോക്ക് കേന്ദ്രങ്ങളില്‍ നവോത്ഥാന സദസ് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 11:05 am

കോഴിക്കോട്: ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തിലെ ഇരുട്ടിലേയ്ക്ക് നയിക്കുന്നവരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഈ മാസം 13 മുതല്‍ 20വരെ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ് നടത്തുമെന്നും എം.സ്വരാജ് പറഞ്ഞു.

കേരളീയ സമൂഹത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്യുന്നത്. ആയുസറുതിക്ക് മുമ്പ് ഇരുന്ന കസേരയ്ക്ക് മാറ്റമുണ്ടാവില്ലെന്ന തിരിച്ചറിവാണ് രമേശ് ചെന്നിത്തലയെ ഇത്തരത്തില്‍ കലക്കവെളളത്തില്‍ മീന്‍പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളള ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം കേരളത്തിന്റെ ആര്‍ജിത നേട്ടങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും ഇല്ലാതാക്കുമെന്നും സ്വരാജ് പറഞ്ഞു.


Read Also: മാധ്യമപ്രവര്‍ത്തകന്റെ തിരോധാനത്തില്‍ ഉടന്‍ മറുപടി നല്‍കണം: സൗദി അറേബ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍


ശബരിമലയിലെ സ്ത്രീപ്രവേശന വിധി സംബന്ധിച്ച് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാമെന്നും എന്നാല്‍ വിഷയത്തില്‍ സംവാദമാണ് വേണ്ടത്, സമരമല്ലെന്നും സ്വരാജ് പറഞ്ഞു.

ശബരിമലയില്‍ പ്രായപരിധിയില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അപകടകരമായി കാണേണ്ടതില്ലെന്നും പ്രതിഷേധക്കാരോട് ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രണ്ടാം വിമോചന സമരത്തിനായി ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് തെരഞ്ഞെടുത്ത കാലം 2018 ആണെന്ന് ഓര്‍ക്കണമെന്നും ഡി.വൈ.എഫ്.ഐ നടത്തുന്ന നവോത്ഥാന സദസില്‍ എല്ലാ യുവജന സംഘടനകളിലെയും പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്നും സ്വരാജ് പറഞ്ഞു.