| Monday, 3rd October 2022, 9:46 pm

പയ്യാമ്പലവും തലശേരിയുമായുള്ള രണ്ട് ദിനങ്ങള്‍ ലോകത്തോട് പറയുന്നുണ്ട് ആരായിരുന്നു കോടിയേരി എന്ന്

ജെയ്ക് സി. തോമസ്

പയ്യാമ്പലം ഇന്നത്തെ സൂര്യാസ്തമയവും പിന്നിട്ടു എല്ലാവരെയും യാത്രയാക്കുകയാണ്. എത്രെയോ മനുഷ്യ മഹാരഥന്മാരെ യാത്രയാക്കിയ മണ്ണാണ്. ഇന്നിവിടെ സംസാരിക്കുമ്പോള്‍ കണ്ട മുഖ്യമന്ത്രിയെ ഓര്‍ത്തു ‘സി.എം എന്നാല്‍ അത് ക്രൈസിസ് മാനേജര്‍’ എന്നാണെന്നു ടെലിഗ്രാഫ് പത്രവാര്‍ത്ത വായിച്ചവര്‍ വിസ്മയം കൂറുന്നുണ്ടാവും. അത്രമേല്‍ ഉലച്ചുകളഞ്ഞ നഷ്ടങ്ങളുടെ, അപരിഹാര്യതകളുടെ ആഴവും പരപ്പുവുമായി ഒരു വലിയ മനുഷ്യസമൂഹമാകെ വിറങ്ങലിച്ച ദിനരാത്രങ്ങള്‍. പയ്യാമ്പലവും തലശ്ശേരിയുമായുള്ള രണ്ട് ദിനങ്ങള്‍ അനസ്യൂതം ലോകത്തോട് പറയുന്നുണ്ട് ആരായിരുന്നു കോടിയേരി എന്ന്.

തലശ്ശേരി ടൗണ്‍ ഹാളില്‍ നിന്നറങ്ങി റസ്റ്റ് ഹൗസിലേക്കുള്ള ഇന്നലത്തെ യാത്രയില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സഹകരണ ആശുപത്രിക്ക് പോലും മുഖം മ്ലാനമായിരുന്നു.
‘കോപ്പറേറ്റീവ്’ എന്ന് ഇവിടെല്ലാവരും ചുരുക്കി വിളിക്കുന്ന ആശുപത്രിയില്‍ ആയിരുന്നുവത്രേ സ. കോടിയേരിയുടെ അസുഖബാധ അത്ര നിസാരമുള്ളതല്ല എന്ന വെളിപ്പെടുത്തല്‍ ആദ്യമുളവാകുന്നത്. അതുകൊണ്ടാവും ടൗണ്‍ ഹാളില്‍ പെയ്തിറങ്ങിയ വൈകാരികമായ വിടവാങ്ങലില്‍ സാക്ഷിയാവാനില്ലാത്ത പെരുംമഴയത്രയും കോപ്പറേറ്റീവ് മുതല്‍ മുന്‍പോട്ടുള്ള യാത്രയില്‍ പെയ്തിറങ്ങിയത്..!

സ.കോടിയേരി ഇനി ഒരു ഭൗതിക യാഥാര്‍ഥ്യമായി നമ്മോടൊപ്പമില്ല, യാത്രയാവുകയാണ്.
കേരളത്തിലെ കമ്മ്യൂണിസ്‌റ്കാര്‍ക്ക് പരശ്ശതം വരുന്ന ഇടതുപക്ഷക്കാര്‍ക്ക് എന്തൊക്കെകൂടിയായിരുന്നു കോടിയേരി, തലശ്ശേരി ടൗണ്‍ ഹാള്‍ മാത്രം മതി അതിനു മറുപടി തുന്നാന്‍.
തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ക്കിടയിലൂടെ കടന്നുവന്ന ഞങ്ങളെ തിരഞ്ഞു ഉള്ളിലേക്കു കൈപിടിച്ചു ആനയിച്ചത് സ.എ.കെ.രമ്യ എന്ന ചുവപ്പു വളണ്ടിയര്‍ കുപ്പായത്തില്‍ നിലയുറപ്പിച്ച രമ്യേച്ചി ആണ്. എരഞ്ഞോളി പഞ്ചായത്തത് അധ്യക്ഷ പദത്തെ ഒരു പതിറ്റാണ്ടിനോളം നയിച്ച സ. രമ്യയുടെ ജീവിതപങ്കാളിയായ ശ്രീജന്‍ ബാബുവിനെ ഓട്ടോറിക്ഷയില്‍ സവാരി വിളിക്കാന്‍ എന്ന വ്യാജേന വന്ന ആര്‍.എസ്.എസ് സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.

കോഴിക്കോട് ബി.എം.എച്ചില്‍ മരണാസന്നനായ അദ്ദേഹത്തെ കണ്ടുമടങ്ങിയത് ഇപ്പോഴും പച്ചപ്പോടെ ഓര്‍മയില്‍ നിറയുന്നുണ്ട്. പിന്നീട് എത്രകാലം നീണ്ട അതിജീവന സമരങ്ങള്‍ക്കു ശേഷമാണു അവര്‍ പരിമിതികളോടെ ജീവിതത്തിലേക്ക് മടങ്ങിയത്. സമരസാന്ദ്രമായ കരുത്തില്‍, നിറകണ്ണുകളോടെയല്ലാതെ ഓര്‍മ്മിക്കാന്‍ കഴിയാത്ത ആ മടങ്ങിവരവില്‍ അവര്‍ക്കു തണല്‍ വിരിച്ച മഹാവൃക്ഷം ടൗണ്‍ ഹാളിലേക്ക് ഇനി ഒരിക്കലും വരാത്ത സ. കോടിയേരിയാണ്.

സദസ് ഒരു കടലിരമ്പം പോലെ ആര്‍ത്തുണര്‍ന്നു പുഷ്പേട്ടന്റെ കടന്നു വരവില്‍. സ. വി.എസും, പിണറായിയും മുതല്‍ എത്രയോ സഖാക്കള്‍ നിസീമമായ സ്‌നേഹവാത്സല്യത്തോടെ തഴുകിയിരുന്ന തന്റെ മുടിത്തുമ്പില്‍ ഇനിയൊരു സ്ഥിരസാന്നിദ്ധ്യമായി തഴുകി തലോടാന്‍ കോടിയേരി ഇല്ല, ബുള്ളറ്റുകളെ തോല്‍പിച്ച ആ രാഷ്ട്രീയ ശരീരം ഒരു നോട്ടത്തിലൂടെ അര്‍പ്പിച്ച സ്‌നേഹാദരങ്ങളില്‍ തിങ്ങിനിറഞ്ഞ സര്‍വ്വ മനുഷ്യരുടെയും ഒന്നുചേര്‍ന്ന ശബ്ദമുയര്‍ന്നു.

കോണ്‍ഗ്രസ് കാലം വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആ വെടിയുണ്ടകളെ കീഴ്‌പ്പെടുത്തിയ സ. പുഷ്പനു ആര്‍ജവം പകര്‍ന്നത് ആ വെടിയുണ്ടകളുടെ കാലത്തെ പാര്‍ട്ടി അതിജീവിച്ചത് ശരീരം കൊണ്ടുമാത്രമിന്നു നിശ്ചലനായി പോയ സ. കോടിയേരിയുടെ കരുത്തിലാണ്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ അഭൂതപൂര്‍ണമായ മുന്നേറ്റങ്ങളിലേക്കു കൈപിടിച്ചാനയിച്ച പരിഷ്‌കാരങ്ങളുടെ നേതൃത്വം മുതല്‍ കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അതിസമര്‍ത്ഥനായ സെക്രട്ടറി വരെ നീണ്ടുനില്‍ക്കുന്ന ചരിത്രത്തിനിടയില്‍ ഇങ്ങനെ ചിലതു കൂടെയായിരുന്നു കോടിയേരി.

അല്ലെങ്കില്‍ ഇങ്ങനെയുള്ള കോടിയേരിയാണ് ചരിത്രത്തിലെ ഇത്തരം നിര്‍വചനങ്ങളിലേക്ക് നടന്നു കയറിയത്.
കേരളത്തിലെ അന്യാ ദൃശമായ മാധ്യമ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും കലര്‍പ്പില്ലാത്ത ചിരിയോടെ മറുപടി പറയവെ ഓര്‍മ്മിപ്പിച്ചത് കോടിയേരിയാണ്, ഞങ്ങളൊക്കെ ഏതുവന്നാലും താങ്ങും പക്ഷെ നിങ്ങളൊന്നും താങ്ങില്ല എന്ന്.

തുടര്‍ ആക്രമണങ്ങളുടെ കാലത്തു ഏതു രക്തസാക്ഷി കുടുംബത്തിലും കോടിയേരി എത്തി. തിരുവല്ലയില്‍ സ.സന്ദീപിന്റെ വീട്ടിലെ കോടിയേരിയുടെ സന്ദര്‍ശനം, തുടര്‍ന്ന് പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കും എന്നുള്ള പ്രഖ്യാപനവും ആ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്തസാക്ഷി ഫണ്ട് സമാഹരണത്തിലേക്കാണ് നയിച്ചത്.

മിഥിലാജും ഹഖും കൊല ചെയ്യപ്പെട്ടപ്പോള്‍ വീടുകളിലെത്തി കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തിയ പിതൃസഹജമായ വാത്സല്യത്തിന്റെ പേരും കോടിയേരി എന്ന് തന്നെയായിരുന്നു.
തീവ്രവര്‍ഗീയതയുടെ ആയുധമുനകള്‍ തുടരെ തുടരെ ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥയില്‍ നമ്മളെ ആക്രമിക്കാന്‍ വന്നവര്‍ വന്നത് പോലെ തിരിച്ചുപോവില്ലാ എന്നുറപ്പിക്കാന്‍ പറ്റണം എന്ന പ്രഖ്യാപനം ജീവനറ്റു പോയ സഖാക്കളുടെ സ്മരണ ചേര്‍ത്തുകൊണ്ടു നടത്തിയ ഇടതുപക്ഷ കാലത്തേ പാര്‍ട്ടി സെക്രട്ടറിയുടെ പേരും കോടിയേരി എന്ന് തന്നെയാണ്.

ഏറ്റവുമൊടുവില്‍ മെഡിക്കല്‍ സംഘത്തിന്റെ പൂര്‍ണാനുമതി ഇല്ലാതെയാവും തിരുവനന്തുപുരത്തെ മെഡിക്കല്‍ കോളേജ് ആശ്രിതര്‍ക്കുള്ള നായനാര്‍ ട്രസ്റ്റിന്റെ ഉത്ഘാടന ചടങ്ങില്‍ കോടിയേരി പങ്കെടുക്കുന്നത്. ഇ.എം.എസിന്റെ ഒടുവിലത്തെ പ്രഭാഷണം സംഘപരിവാര്‍ ഉയര്‍ത്തുന്ന മതരാഷ്ട്രത്തെ സംബന്ധിച്ചായിരുന്നു. അത്ഭുതപ്പെടുത്തുന്ന ആകസ്മികത പോലെ ഇടതുപക്ഷ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്താനുള്ള ആര്‍.എസ്.എസ് രാഷ്ട്രീയ ഗൂഢാലോചനകളെ ഓര്‍മിപ്പിച്ചുള്ളതായി കോടിയേരിയുടെ വാക്കുകളും.

അദ്ദേഹം അതിനെ ഇങ്ങനെ ചുരുക്കി ”അതിന്റെ കേന്ദ്രം ഡല്‍ഹി ആണ് അതിന്റെ ആസ്ഥാനം ആര്‍.എസ്.എസ് ഓഫീസ്സും ആണ്’ ശത്രുവിന്റെ വലിപ്പം തിരിച്ചറിഞ്ഞു യുദ്ധങ്ങള്‍ നയിക്കുമ്പോഴാണ് വിജയങ്ങള്‍ അപ്രാപ്യമല്ലാതയാവുക.

ശരീരം കൊണ്ട് കോടിയേരി ഇനിയില്ല പക്ഷെ ഇങ്ങനൊരാള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വരുംതലമുറകളേറ്റു പാടേണ്ടതിനു നമുക്കു സ്മാരകങ്ങളും ചരിത്രവും മാത്രമല്ല അവയൊക്കെ ഇന്ധനമാവുന്ന മഹാസമരങ്ങളില്‍ ഇടര്‍ച്ചയില്ലാത്ത കണ്ണികളാവാം.

കോടിയേരി ശരീരം കൊണ്ട് മാത്രം ഇന്ന് വിടപറയുന്നു, പയ്യാമ്പലം സാക്ഷിയായി. കോടിയേരി ശാരീരികമായി മറഞ്ഞിട്ടുള്ള അദ്യ സൂര്യന്‍ അസ്തമയത്തിനായി
മേലുള്ള ആകാശത്തിലൂടെ താഴ്ന്നിറങ്ങുകയാണ്. സൂര്യനെ തോല്പിക്കുന്ന തേജസ്സോടെ ചില മനുഷ്യര്‍ ഇങ്ങനെ മണ്ണിലും കത്തിയുയര്‍ന്നേയിരിക്കും. റെഡ്‌സല്യൂട്ട് കോമ്രേഡ്

CONTNTENT HIGHLIGHTS: dyfi leader Jaik C Thomas’s write up about Kodiyeri Balakrishnan

ജെയ്ക് സി. തോമസ്

ഡി.വൈ.എഫ്.ഐ നേതാവ്

We use cookies to give you the best possible experience. Learn more