|

വാക്ക് പാലിച്ച് ഡി.വൈ.എഫ്.ഐ; വയനാട് ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള തുക 24ന് കൈമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന വാഗ്ദാനം പാലിച്ച് യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ.

മുമ്പ് പറഞ്ഞതുപോലെ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും മാര്‍ച്ച് 24ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിന്റെ ഉദ്ഘാടകന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഘടന ഈ കാര്യം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരും മറ്റ് സംവിധാനങ്ങളും ദുരന്തബാധിതരായ മനുഷ്യരെ ചേര്‍ത്തുപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതല്‍ ഡി.വൈ.എഫ്.ഐ – യൂത്ത് ബ്രിഗേഡും ദുരന്ത മുഖത്തുണ്ടായിരുന്നെന്ന് കുറിപ്പില്‍ പറയുന്നു.

ദുരന്തം ബാധിച്ച ജനതയുടെ പുനരധിവാസത്തിന് ഡി.വൈ.എഫ്.ഐ യാണ് ആദ്യമായി 25 വീട് നിര്‍മിച്ചു നല്കുമെന്ന് പ്രഖ്യാപിച്ചത്. അത് പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കാരണം 100 വീട് നിര്‍മിക്കുന്നതിലേക്ക് എത്തി.

ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റുമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്. ഇതിന് പുറമെ പുരസ്‌കാര, ഫെലോഷിപ്പ്, ശമ്പള തുകകള്‍ സംഭാവന ചെയ്തും വിവാഹ ചടങ്ങുകള്‍ക്ക് മാറ്റിവച്ച തുകയും, ആഭരണങ്ങള്‍ ഊരി നല്‍കിയും, ഭൂമി സംഭാവന ചെയ്തും ജനങ്ങള്‍ അവര്‍ക്കൊപ്പം പങ്കാളികളായി.

നാടിനുവേണ്ടി ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ബൃഹത്തായ ഉദ്യമമാണിതെന്നും ഡി.വൈ.എഫ്.ഐ ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ച് 24ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും കൈമാറും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യൂത്ത് ബ്രിഗേഡ് സംഗമവും നടക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

Content Highlight: DYFI keeps its promise; funds for construction of 100 houses for Wayanad disaster victims will be handed over on the 24th

Video Stories