മനുഷ്യത്വമില്ലാത്ത മാധ്യമവാര്‍ത്തകള്‍ക്കെതിരെയാണ് സംഘടന പ്രതിഷേധിക്കുന്നത്. അതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ആറ് മണിക്ക് കല്‍പറ്റയില്‍വെച്ച് ‘വയനാടിന്റെ പ്രതിഷേധം’ എന്ന തലക്കെട്ടിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം.
കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം ദുരിതാശ്വാസ നിധിയില്‍ സര്‍ക്കാരിന്റെ അഴിമതി ആരോപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും പിന്നീട് വിശദികരണം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍ പിന്‍വലിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേരളത്തിലെ ചില മാധ്യമസ്ഥാപനങ്ങളില്‍ ബി.ജെ.പിയുടെ ഏജന്റുമാരായ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ചൂണ്ടിക്കാണിച്ചത്. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള അന്ധമായ വിരോധം കാരണം ചൂരല്‍മലയിലെ ദുരന്തത്തിന് ഇരയായവരെ കൂടി നശിപ്പിച്ച് കൊണ്ട് വാര്‍ത്തയാക്കി മാറ്റാം എന്ന മാനസികാവസ്ഥയിലേക്ക് ചില മാധ്യമ പ്രവര്‍ത്തകര്‍ മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലും സമാനമായി മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ദുരന്തം നടന്ന് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നയത്തെ മറച്ചുവച്ചാണ് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. കൂടാതെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ നല്‍കിയ കള്ളപ്രചാര വേലകള്‍ പ്രതിഷേധാര്‍ഹമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറ്റിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.