| Saturday, 20th January 2024, 7:53 pm

കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ലക്ഷങ്ങൾ അണിനിരന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡി.വൈ.എഫ്.ഐ അണിനിരത്തിയ മനുഷ്യചങ്ങലയിൽ പങ്കെടുത്ത് ലക്ഷങ്ങൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയ ജനപ്രവാഹമാണ് മനുഷ്യചങ്ങലയിൽ അണിനിരന്നത്.

കാസർഗോഡ് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ.എ. റഹീം ആദ്യ കണ്ണിയായും തിരുവനന്തപുരം രാജ്ഭവനിൽ നിന്ന് ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അവസാന കണ്ണിയായും മനുഷ്യചങ്ങലയിൽ അണിനിരന്നു.

രാജ്ഭവന് മുന്നിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചങ്ങല ഉദ്ഘാടനം ചെയ്തു. റെയിൽവേ യാത്രാ ദുരിതം, സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മനുഷ്യചങ്ങല തീർത്തത്. വയനാട്ടിൽ കൽപ്പറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങല തീർത്തപ്പോൾ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവർത്തകർ സമീപ ജില്ലകളിലെ ചങ്ങലകളിൽ പങ്കെടുത്തു.

കോഴിക്കോട് ജില്ലയിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, കാനത്തിൽ ജമീല, എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി. രാമനുണ്ണി, നടൻ ഇർഷാദ് എന്നിവർ ചങ്ങലയുടെ ഭാഗമായി.

തൃശൂരിൽ കവി കെ. സച്ചിദാനന്ദൻ, പ്രിയനന്ദൻ, സി.എസ്. ചന്ദ്രിക എന്നിവരും പങ്കെടുത്തിരുന്നു.

മലപ്പുറത്ത് കെ.ടി. ജലീൽ, എ. വിജയരാഘവൻ, അഭിനേത്രി നിലമ്പൂർ ആയിഷ, ഗായകൻ അതുൽ നറുകര തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: DYFI Human Chain against Central government; lakhs from Kasargod to Thiruvananthapuram

We use cookies to give you the best possible experience. Learn more