തിരുവനന്തപുരം: റെയല്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളില്‍ വില വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ജനങ്ങളെ ദ്രോഹിക്കുന്ന ഈ വില വര്‍ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഇതിനെതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന സാധാരണ ജനതയെ ദുരിതത്തിലാഴ്ത്തുന്ന നടപടി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
‘പൊതുഗതാഗതത്തിന് വേണ്ടി സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ വിഭവങ്ങളുടെ വില അതിഭീമമായ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. പല വിഭവങ്ങള്‍ക്കും രണ്ടിരട്ടി വര്‍ധനവ് പോലും ഉണ്ടായിരിക്കുന്നു. പഴം പൊരിയുടെ വില 13ല്‍ നിന്ന് 20 രൂപയായും ഊണിന് 55ല്‍ നിന്ന് 95 രൂപയായും വര്‍ധിച്ചു.
മുട്ടക്കറിയുടെ വില 32ല്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി, കടലക്കറി 28 രൂപയില്‍ നിന്ന് 40ലേക്കും ഉയര്‍ത്തി. ചിക്കന്‍ ബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമൂസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിള്‍ ബിരിയാണിക്ക് 70ഉം നല്‍കണം.
ഈ നിലയില്‍ സാധാരണ യാത്രക്കാരെ കൊള്ളയടിക്കുന്ന വില വര്‍ധനവാണ് റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നത്.
ഇത് റെയില്‍വേയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന സാധാരണ ജനതയെ ദുരിതത്തിലാഴ്ത്തുന്നതും ന്യായീകരിക്കാന്‍ കഴിയാത്തതും ആണ്. ഇതിനെതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണം,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.