| Tuesday, 22nd August 2023, 2:58 pm

'തുവ്വൂരില്‍ നിന്ന് അരമണിക്കൂറാണ് നിലമ്പൂരിലേക്ക്'; കോണ്‍ഗ്രസ് പങ്ക് പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുവ്വൂര്‍ കൃഷിഭവന്‍ ജീവനക്കാരിയായ സുജിതയുടെ കൊലപാതകത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് ഡി.വൈ.എഫ്.ഐ. നിലമ്പൂര്‍ രാധ കൊലപാതകത്തിലടക്കം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യൂത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

സുജിതയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു അറസ്റ്റിലായതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. തെമ്മാടി സംഘങ്ങളുടെ താവളമായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും സനോജ് കുറ്റപ്പെടുത്തി.

‘സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതികരിക്കേണ്ടതുണ്ട്. ഈ കൊലപാതകത്തിന് മുന്നില്‍ വിഷ്ണു മാത്രമല്ലയുള്ളത്. കൊലപാതകത്തിന്റെ ഘട്ടത്തില്‍ വിഷ്ണു ആരൊക്കെയായി ബന്ധപ്പെട്ടു എന്നത് കൃത്യമായ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.

എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വളരെ അടുത്തയാളാണ് വിഷ്ണു. ഇത്രയും നിഷ്ഠൂരമായ കൊലപാതകത്തില്‍ ആരുടെയെങ്കിലും പിന്തുണ തീര്‍ച്ചയായും ഉണ്ടായിരിക്കണം.

എല്ലാ തെമ്മാടി സംഘങ്ങളെയും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും പ്രോത്സാഹിപ്പിക്കുകയാണ്. തുവ്വൂരില്‍ നിന്ന് അരമണിക്കൂറാണ് നിലമ്പൂരിലേക്ക്. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ രാധയെന്ന സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി ചാക്കില്‍കെട്ടിവെച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. അതില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

ഇടുക്കിയിലെ ധീരജിന്റെ കൊലപാതകത്തില്‍ പ്രതിയായിട്ടുള്ള നിഖില്‍ പൈലി ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘത്തെ യൂത്ത് കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ്. കൊലപാതകികള്‍ക്ക് പദവികള്‍ കൊടുക്കുകയാണ് കോണ്‍ഗ്രസ്. ഈ കേസിലെ പ്രതികളെ യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമോ എന്ന് അറിയാന്‍ താത്പര്യമുണ്ട്,’ വി.കെ. സനോജ് പറഞ്ഞു.

Content Highlight: DYFI has doubts about the role of top Congress leadership in the Thuvvur murder

We use cookies to give you the best possible experience. Learn more