ഒരു ഹൈന്ദവക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐയുടെ നിശ്ചലദൃശ്യം ഒരിക്കിയിരിക്കുന്നത്. ക്ഷേത്രത്തിനു മുമ്പില്‍ തോക്കു ധാരിയായ ഹിറ്റ്‌ലര്‍ പീഠനത്തില്‍ ഇരിക്കുന്നു. പശ്ചാത്തലത്തില്‍ സ്വസ്ഥിക ചിഹ്നമുണ്ട്. ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്ത് ഹനുമാന്‍ സേനയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതിനായി തോക്കേന്തിയ ഹനുമാന്‍ രൂപവുമുണ്ട്.
ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് നിലവിളക്ക് കൊളുത്തിവെച്ചിരിക്കുന്നു. അതിനു സമീപത്തായി മോദിയെയും വെള്ളാപ്പള്ളിയെയും സൂചിപ്പിച്ചുകൊണ്ട് രണ്ടുപേര്‍ മുഖാമുഖം ഇരിക്കുന്നു. മോദി ഇരിക്കുന്നത് ഇസ്‌ലാം മതവിശ്വാസിയുടെ ദേഹത്തും വെള്ളാപ്പള്ളി ദളിതന്റെ ദേഹത്തുമാണ്.
“ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും സഹിഷ്ണുതയുടെ പാഠങ്ങള്‍ , ഞങ്ങള്‍ കയര്‍ത്തു കൊണ്ടേയിരിക്കും ചങ്ങലയ്ക്കിടുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ” എന്നു തുടങ്ങുന്ന വാചകങ്ങളും ഇവിടെ എഴുതിവെച്ചിട്ടുണ്ട്.
ഈ നിശ്ചലദൃശ്യമാണ് ഹിന്ദു വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നതാണ് ദൃശ്യം എന്നാണ് ഹിന്ദുവര്‍ഗീയ വാദികളുടെ ആരോപണം. തോക്കുധാരിയായി ചിത്രീകരിച്ച് ഹനുമാന്‍ സ്വാമിയെ അവഹേളിക്കുന്നെന്നും ഇവര്‍ ആരോപിക്കുന്നു.
കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ചിലാണ് ഈ നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചത്. ഇത് വര്‍ഗീയത വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഹിന്ദുവര്‍ഗീയ വാദികളുടെ കണ്ടെത്തല്‍.
ഓണാഘോഷത്തിന് സമാപനം കുറിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള ക്ലബുകളും സാംസ്‌കാരിക സംഘടനകളും നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ ഹിന്ദുവര്‍ഗീയ വാദികള്‍ കുരിശില്‍ തറച്ചതായുള്ള നിശ്ചല ദൃശ്യം ഒരുക്കിയത് വിവാദമായിരുന്നു.
മഞ്ഞവസ്ത്രം ധരിച്ചുനില്‍ക്കുന്ന ഗുരുവിന്റെ ഒരു കയ്യില്‍ രണ്ടുപേര്‍ ചേര്‍ന്ന് ആണിയടിക്കുന്നു. ഇതില്‍ ഒരാളുടെ തലയില്‍ മഞ്ഞ ടവ്വലും, മറ്റെയാളുടെ തലയില്‍ കാവി ടവ്വലും ആണുള്ളത്. ഗുരുവിനെ മോശമാക്കി ചിത്രീകരിക്കുന്നതാണ് ഈ ദൃശ്യം എന്ന ആരോപണമായാണ് ഇതിനെ എതിര്‍ത്തവര്‍ രംഗത്തുവന്നത്.