കോഴിക്കോട്: ഡി.വൈ.എഫ്.ഐ പൊതിച്ചോറില്‍ പണമൊളിപ്പിച്ചുവെച്ച ‘അജ്ഞാതരെ’ കണ്ടെത്തി. കോഴിക്കോട് ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്ണോദയയില്‍ രാജിഷയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മെഡി. കോളേജില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കൊപ്പം മകളുടെ പിറന്നാള്‍ സമ്മാനമായി ചെറിയൊരു തുകയും ചേര്‍ത്തുവെച്ചത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാജിഷ എഴുതിയ കത്തിന്റെ ചിത്രം പങ്കുവെച്ചതോടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കത്തില്‍ പറയുന്ന പിറന്നാളുകാരി ആരെന്ന സൂചന കുറിപ്പിലില്ലായിരുന്നെങ്കിലും അവരെ കണ്ടെത്താന്‍ ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഹൃദ്യയെയും അമ്മ രാജിഷയും കണ്ടെത്തിയത്.
മൂന്ന് പൊതിയാണ് രാജിഷ നല്‍കിയത്. കയ്യിലുണ്ടായിരുന്ന 200 രൂപ അതിലൊന്നില്‍ വെക്കുകയായിരുന്നു. വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയെ കാണാനാകാത്തതിനാല്‍ നല്ലൊരു വാക്കിലൂടെ ആശ്വാസം പകരുകയേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും ആരെങ്കിലും തിരിച്ചറിയുമെന്ന് കരുതിയില്ലെന്നും രാജിഷ പറഞ്ഞു.
മകന്‍ ഹൃത്ഥ്വിക് നിര്‍ബന്ധിച്ചാണ് കുറിപ്പില്‍ മകളുടെ പിറന്നാളാണെന്ന് എഴുതിയതെന്നും രാജിഷ പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷടക്കമുള്ള നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു.
‘ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്,’ എന്നെഴുതിയ
കുറിപ്പാണ് പൊതിച്ചോറില്‍ നിന്ന് ലഭിച്ചത്.
ഡി.വൈ.എഫ്.ഐ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന ഉച്ചഭക്ഷണം ലഭിച്ച യുവാവ് പൊതിച്ചോറിനൊപ്പം കത്തും തുകയും ലഭിച്ച വിവരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ അറിയിക്കുകയായിരുന്നു.
‘അറിയപ്പെടാത്ത സഹോദരാ/ സഹോദരീ. ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാകാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം. നിങ്ങളുടെ പ്രാഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ..
ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്,’ എന്നാണ് കത്തില്‍ രാജിഷ പറഞ്ഞിരുന്നത്.
നിരവധി പേരാണ് നവമാധ്യമങ്ങളില്‍ ഈ കത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ഇത് ഷെയര്‍ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: DYFI finds ‘unknowns’ hiding money in bundles in “Podichru”