കെ.എസ്. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; പരാതിയുമായി ഡി.വൈ.എഫ്.ഐ
Kerala News
കെ.എസ്. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; പരാതിയുമായി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 4:48 pm

വടകര: സി.പി.ഐ.എം നേതാവ് കെ.കെ. ശൈലജക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആണ് പരാതി നല്‍കിയത്. ഹരിഹരനെതിരെ ഡി.ജി.പിക്കാണ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ കെ.എസ്. ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് സി.പി.ഐ.എം നേതൃത്വം അറിയിച്ചിരുന്നു. സി.പി.ഐ.എമ്മിന്റെ വടകര ഘടകം ഞായറാഴ്ച തന്നെ പരാതി നല്‍കുമെന്നാണ് അറിയിച്ചത്.

വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഹരിഹരനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഉയര്‍ന്നുവന്നത്. വടകരയില്‍ നടന്ന പരിപാടിയില്‍ കെ.കെ. ശൈലജക്കും മഞ്ജു വാര്യര്‍ക്കുമെതിരായാണ് ആര്‍.എം.പി നേതാവ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ. മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ അത് കേട്ടാല്‍ നമുക്ക് മനസിലാവുമെന്നാണ് പരിപാടിയില്‍ ഹരിഹരന്‍ പ്രസം?ഗിച്ചത്. പരാമര്‍ശം വിവാദമായതോടെ ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് ഹരിഹരന്‍ രംഗത്തെത്തിയിരുന്നു.

വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി ശ്രദ്ധയില്‍ പെട്ടെന്നും തെറ്റായ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും കെ.എസ്. ഹരിഹരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം കെ.എസ്. ഹരിഹരന്റെ സ്ത്രീവരുദ്ധ പരാമര്‍ശത്തെ ആര്‍.എം.പിയും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞു. ഹരിഹരന്റെ പരാമര്‍ശം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും പാര്‍ട്ടി തള്ളിപ്പറഞ്ഞത് മാതൃകാപരമാണെന്നും കെ.കെ. രമ എം.എല്‍.എ പറഞ്ഞു.

ഹരിഹരന്‍ മാപ്പ് പറഞ്ഞതിന് ശേഷവും സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോട് കൂടിയാണെന്നും കെ.കെ. രമ വടകരയില്‍ പറയുകയുണ്ടായി. സംസാരിക്കുമ്പോള്‍ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: DYFI filed a complaint against K.S. Hariharan