| Monday, 24th April 2023, 11:29 pm

അവസാനം തമിഴ് സിനിമയില്‍ വേഷം മാറി വരുന്ന വടി വേലുവിന്റെ കഥാപാത്രം പോലെ സംഘികളുടെ കാവി കളസം പുറത്തായി: ഡി.വൈ.എഫ്.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പരിപാടിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ. ബി.ജെ.പി സംസ്ഥാന നേതൃത്വം കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പരിപാടി മോദിയുടെ മറ്റൊരു മന്‍ കീ ബാത്തായി മാറിയെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

യുവജനങ്ങളോട് സംവദിക്കുമെന്ന പേരില്‍ മോദിയെ കേരളത്തിലെത്തിച്ച് അവസാനം പ്രസംഗം തീര്‍ന്നതും പ്രധാനമന്ത്രി വേദിയില്‍ നിന്നും ഇറങ്ങിപ്പോയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും ഒരുപോലെ വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തിയത്.

മോദിക്ക് ആകെ അറിയാവുന്നത് തിരിച്ച് ചോദ്യം ചോദിക്കാത്ത പൊതു പ്രസംഗങ്ങളാണെന്നും കേരളത്തില്‍ നടന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ മാത്രമാണെന്നും വി.കെ. സനോജ് പറഞ്ഞു. എങ്ങനെയൊക്കെ വേഷം മാറി വന്നാലും കേരളത്തില്‍ ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നും നവേത്ഥാന ആശയങ്ങളുടെ അടിത്തറയില്‍ ഇടതുപക്ഷം കെട്ടിയുണ്ടാക്കിയ നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം.

‘കൊട്ടിഘോഷിച്ച യുവം പരിപാടി മറ്റൊരു മന്‍കീ ബാത്ത് ആക്കി മാറ്റി പ്രധാനമന്ത്രി കേരള സമൂഹത്തിന് മുന്നില്‍ അപഹാസ്യനായി. ഏതാണ്ട് ഒരു വര്‍ഷത്തിലധികം സമയമെടുത്ത് പ്രൊഫഷണല്‍ ഏജന്‍സികളെ വച്ച് നിഷ്പക്ഷ ലേബലില്‍ നടത്തിയെടുക്കാന്‍ ശ്രമിച്ച പരിപാടിയാണ് യുവം.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ ചെന്ന് വിദ്യാര്‍ത്ഥികളെ പരിപാടിക്ക് വേണ്ടി ക്യാന്‍വാസ് ചെയ്‌തൊക്കെയായിരുന്നു പ്ലാന്‍.

എന്നാല്‍ അവസാന ഘട്ടത്തില്‍ പതിവ് പോലെ തമിഴ് സിനിമയില്‍ വേഷം മാറി വരുന്ന വടി വേലുവിന്റെ കഥാപാത്രം പോലെ സംഘികളുടെ കാവി കളസം കേരള ജനത വെളിയില്‍ കണ്ടു.
ഒടുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗമാക്കി പരിപാടി അവസാനിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് ആകെ സാധിക്കുന്ന കാര്യം തിരിച്ചു ചോദ്യങ്ങളില്ലാത്ത പൊതു പ്രസംഗം മാത്രമാണ്. പ്രധാന മന്ത്രിയുമായി യുവാക്കള്‍ക്ക് സംവദിക്കാമെന്നും, യുവം പരിപാടിയില്‍ രാഷ്ട്രീയമില്ലെന്നുമാണ് സംഘാടകര്‍ പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ ഡി.വൈ.എഫ്.ഐയുടെ യങ് ഇന്ത്യ, ask pm എന്ന പരിപാടിയിലൂടെ യുവജനങ്ങളുടെ നൂറ് ചോദ്യങ്ങള്‍ യുവം പരിപാടിയുടെ ഒളിച്ചു കടത്തല്‍ പുറത്ത് കൊണ്ട് വന്നു. തുടര്‍ന്നാണ്
കൊട്ടിഘോഷിച്ച യുവം പരിപാടി ബിജെപിയുടെ രാഷ്ട്രീയ സമ്മേളനമായി കാറ്റ് പോയ ബലൂണ്‍ പോലെ അവസാനിച്ചത്.

എന്തൊക്കെ മാരീച വേഷങ്ങള്‍ കെട്ടി അവതരിച്ചാലും ബിജെപിയുടെ മുഖംമൂടി കേരളത്തില്‍ ജനങ്ങള്‍ വലിച്ചു കീറും. നവോത്ഥാന ആശയങ്ങളുടെ അടിത്തറയില്‍ ഇടതുപക്ഷ രാഷ്ട്രീയം കരുത്താര്‍ജിച്ച് ഉറപ്പിച്ചിച്ചെടുത്ത കേരളത്തിന്റെ മതനിരപേക്ഷ സാമൂഹിക മണ്ഡലത്തില്‍ എന്തൊക്കെ പ്രഛന്ന വേഷം കെട്ടിയാലും ഒടുവില്‍ ബിജെപി ഇതുപോലെ തൊലിയുരിഞ്ഞു നില്‍ക്കേണ്ടി വരും.

നരേന്ദ്രമോദിയെ കൊണ്ട് പറ്റുന്ന ഒരേയൊരു പരിപാടി തിരിച്ചു ചോദ്യങ്ങള്‍ വരാത്ത മന്‍ കീ ബാത്ത് മാത്രമാണ്. അങ്ങനെയൊരാളെ കേരളത്തില്‍ കൊണ്ട് വന്ന് സംവാദത്തിന് മുതിര്‍ന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തൊലിക്കട്ടി അപാരം തന്നെ. വി.കെ സനോജ്

Content Highlight: dyfi Facebook post on yuvam program

Latest Stories

We use cookies to give you the best possible experience. Learn more