| Sunday, 15th October 2023, 3:34 pm

വൈശാഖനെ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കി ഡി.വൈ.എഫ്.ഐ; തൃശൂരില്‍ പുതിയ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: എന്‍.വി. വൈശാഖനെ ഡി.വൈ.എഫ്.ഐ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കി. വനിതാ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വൈശാഖനെ മാറ്റിയിരുന്നു. വൈശാഖനെതിരെ സമീപകാലത്ത് ഉയര്‍ന്നുവന്ന ഒന്നിലധികം ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പുതിയ തൃശൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിലവില്‍ താല്‍കാലിക ചുമതലയുണ്ടായിരുന്ന ശരത് പ്രസാദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ പദവിയില്‍ നിന്ന് നീക്കിയത്. എന്നാല്‍ പുതിയ സെക്രട്ടറിയെ നിയമിച്ചിരുന്നില്ല. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ശരത് പ്രസാദിന് താല്‍കാലിക ചുമതല നല്‍കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം വൈശാഖന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമെന്ന സാഹചര്യം നിലനില്‍ക്കെയാണ്, തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ പാറമടയ്‌ക്കെതിരെ പരാതി നല്‍കിയ വ്യക്തിക്ക് അത് പിന്‍വലിക്കാന്‍ വൈശാഖന്‍ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

പരാതി പിന്‍വലിക്കാന്‍ പാറമട ഉടമയില്‍ നിന്ന് പണം വാങ്ങി നല്‍കാമെന്നാണ് വീഡിയോയില്‍ വൈശാഖന്‍ പറയുന്നത്. ഇത് വൈശാഖിന്റെ തിരിച്ചുവരവിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.

Content Highlights: DYFI excludes Vaishakh from committees; Sarath Prasad is the new secretary

Latest Stories

We use cookies to give you the best possible experience. Learn more