| Monday, 11th June 2018, 8:45 pm

'കോഴിക്കോടിന്റെ യുവത്വം കാഴ്ചക്കാരായില്ല'; നിപാ ഭീതിയില്‍ കാലിയായ രക്ത ബാങ്കിലേക്ക് ഡി.വൈ.എഫ്.ഐ നേതാക്കള്‍ രക്തം ദാനം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിപാ ഭീതിയെ തുടര്‍ന്ന് കാലിയായ രക്ത ബാങ്കുകളിലേക്ക് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ രക്തം എത്തിച്ചുതുടങ്ങി. മെഡിക്കല്‍ കോളേജിലെത്തി ഡി.വൈ.എഫ്‌ഐ ജില്ല കമ്മിറ്റി ഭാരവാഹികളും ജില്ല കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകരാണ് ബ്ലഡ് ബേങ്കിന് രക്തം നല്‍കിയത്. രക്ത ദാനം പ്രോത്സാഹിപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ.

ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. നിപ ഭീതിയുള്ളതിനാല്‍ രക്തം ദാനം ചെയ്യാന്‍ ആരും വരാത്തതായിരുന്നു കാരണം.

ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു.വി ജോസ് അടിയന്തിര യോഗം വിളിച്ച് ചേര്‍ത്ത് രക്ത ദാനത്തിന് ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെടുകയും വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ഏറ്റെടുത്ത് കൊണ്ടാണ് ഡി.വൈ.എഫ്.ഐ മുന്നോട്ട് വന്നത്. കോഴിക്കോടിന്റെ യുവത്വം വെറും കാഴ്ചക്കാരാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഡി.വൈ.എഫ്.ഐ ഈ ഉദ്യമം ഏറ്റെടുത്തത്.


Read Also : 2019ന് മുന്‍പ് ദല്‍ഹിക്ക് സംസ്ഥാനപദവി നല്‍കിയാല്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കും: അരവിന്ദ് കെജ്‌രിവാള്‍


ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും ബ്ലഡ് ഡോണേഴ്സ് അസോസിയേഷനും രക്തം സംഘടിപ്പിക്കാനായി ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജൂണ്‍ 10 നും, 14 നും ജില്ലാ ടൗണ്‍ ഹാള്‍, 17 ന് സി.എസ്.ഐ കത്രീഡല്‍ ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചവരെയാണ് ക്യാമ്പുകള്‍ നടത്തുക.

ബ്ലഡ് ഡോണേഴ്സ് ദിനമായ ജൂണ്‍ 14 ന് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ബോധവല്‍കരണ ക്ലാസും സെമിനാറുകളും നടത്തും. കൂടാതെ കൂടുതല്‍ രക്തം ദാനം ചെയ്ത വ്യകതികളെയും രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും ചടങ്ങില്‍ ആദരിക്കും.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9895881715, 8921945 287, 9961008004, 9946636583,9446779086, 9809750145,
8589898402, 81119 16803

We use cookies to give you the best possible experience. Learn more