| Monday, 8th December 2014, 9:10 pm

ചുംബന സമരത്തോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സദാചാര പോലീസിങ്ങിനെതിരെ ചുംബന സമരം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ. സദാചാര പോലീസിനെതിരെ പ്രതിഷേധിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും യോജിച്ചു മുന്നേറാന്‍ പറ്റിയ സമരരീതിയല്ല ഇതെന്നും പത്രക്കുറിപ്പിലൂടെ ചുംബന സമരത്തെ കുറിച്ചുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഡി.വൈ.എഫ്.ഐ അറിയിച്ചു.

എന്നാല്‍ സദാചാര പോലീസിനെതിരായി ചിലര്‍ നടത്തുന്ന വ്യത്യസ്തമായ സമരത്തെ സംഘപരിവാര്‍ സംഘടനകള്‍ കായികമായാണ് നേരിടുന്നതെന്നും കോഴിക്കോട് ഹനുമാന്‍സേനയുടെ പേരില്‍ ആര്‍.എസ്.എസ് നടത്തിയത് ഇത്തരത്തിലുള്ള ആക്രമണമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സദാചാര പോലീസിങിനെ അടിച്ചമര്‍ത്തുന്നതിലും ഇത്തരത്തിലുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയാണുണ്ടായതെന്നും ഡി.വൈ.എഫ്.ഐ ആക്ഷേപിക്കുന്നു.

അതേസമയം ഞായറാഴ്ച്ച കോഴിക്കോട് നടന്ന ചുംബന സമരത്തിനിടെ ഹനുമാന്‍സേനക്കാരും ശിവസേനക്കരും ആക്രമണം നടത്തിയ സാഹചര്യത്തില്‍ സദാചാര ഗുണ്ടകള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് സംസ്ഥാന പ്രസിഡണ്ട് എം.ബി.രാജേഷ് ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് കോഴിക്കോട് ഉണ്ടായ പോലീസ് അനാസ്ഥക്കെതിരെ കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more