| Tuesday, 22nd September 2020, 6:27 pm

പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള തുക ഉമ്മന്‍ചാണ്ടിയില്‍ നിന്നും, ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണം: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പുതിയത് പണിയുന്നതിനാവശ്യമായ തുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബ്രിഡ്ജസ് ആന്‍ഡ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന 47.70 കോടി രൂപ മുടക്കി സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അപകടാവസ്ഥയിലായത് പകല്‍കൊള്ളയാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദമാണ് ഇന്നത്തെ സുപ്രീംകോടതി വിധിയോടെ തകര്‍ന്നിരിക്കുന്നത്’, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമപരമായി ശിക്ഷ ഉറപ്പാക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞുമാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാര്‍. ഇവരില്‍ നിന്നും ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരില്‍ നിന്നുമാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ തുക ഈടാക്കേണ്ടത് പൊതു ഖജനാവില്‍ നിന്നല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ കൊച്ചിയിലെ പാലാരിവട്ടം പാലം പുതുക്കിപ്പണിയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാലം പുതുക്കിപ്പണിയാനുള്ള സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു ഉത്തരവ്.

പാലത്തിന്റെ ഭാര പരിശോധന നടത്തിയ ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ കോടതി സംസ്ഥാന സര്‍ക്കാരിന് പാലം പണിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കി.

ഈ ഘട്ടത്തില്‍ ഭാരപരിശോധന നടത്തുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. അതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്ത് സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് കോടതി വ്യക്തമാക്കിയത്.

പാലം അപകടാവസ്ഥയിലാണെങ്കില്‍ അത് പൊളിച്ച് പണിയാം എന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

പാലത്തിന്റെ ദുര്‍ബല സ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പാലം പുതുക്കിപ്പണിതാല്‍ 100 വര്‍ഷം വരെ ആയുസ്സുണ്ടാകുമെന്നും അതേസമയം അതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ 20 വര്‍ഷം മാത്രമേ ആയുസ്സ് കാണുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

ബലക്ഷയം വന്ന പാലാരിവട്ടം മേല്‍പ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തില്‍, പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബ്രിഡ്ജസ് ആന്‍ഡ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന 47.70 കോടി രൂപ മുടക്കി സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അപകടാവസ്ഥയിലായത് പകല്‍കൊള്ളയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദമാണ് ഇന്നത്തെ സുപ്രീംകോടതി വിധിയോടെ തകര്‍ന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നിയമപരമായി ശിക്ഷ ഉറപ്പാക്കണം.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞുമാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാര്‍. അതുകൊണ്ടുതന്നെ ഇവരില്‍ നിന്നും ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരില്‍ നിന്നുംകൂടിയാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ ആവശ്യമായ തുക ഈടാക്കേണ്ടത്, പൊതു ഖജനാവില്‍ നിന്നല്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Palarivattom Overbridge OommenChandy IbrahimKunju DYFI

We use cookies to give you the best possible experience. Learn more