| Wednesday, 17th August 2022, 6:08 pm

'ആധുനിക കാലത്തെ പിറകോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയ പ്രയോഗം'; സിവിക് ചന്ദ്രന്‍ കേസിലെ കോടതി പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോഴിക്കോട് സെഷന്‍ കോടതി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ. പരാതിക്കാരിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയെ ലജ്ജിപ്പിക്കുന്നതും അബദ്ധ ജടിലവും ആധുനിക കാലത്തെ പിറകോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയ പ്രയോഗവും സ്ത്രീ വിരുദ്ധവുമാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ പറഞ്ഞു.

പരാതിക്കാരി ധരിച്ച വസ്ത്രം പ്രതിയില്‍ ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന പരാമര്‍ശം വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും അതേ പോലെ ദുഷിച്ച മാനസിക നിലവാരമുള്ള സമാനമനസുള്ള കുറ്റാരോപിതര്‍ക്ക് ന്യായം കണ്ടെത്തി രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍ തുറന്നിടുന്നതുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സ്ത്രീക്കൊപ്പം നില്‍ക്കേണ്ട ന്യായപീഠങ്ങള്‍ വസ്തുതകളെ സദാചാര കണ്ണുകളാല്‍ വിലയിരുത്തുന്ന രീതി ശരിയല്ലെന്നും, ഭൂതകാലത്തിന്റെ ഇരുളിലിരുന്ന് എഴുതുന്ന ഇത്തരം വിധിക്കെതിരെയും ആശ്വാസ്യമല്ലാത്ത പദപ്രയോഗത്തിനെതിരെയും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ കൂട്ടിച്ചേര്‍ത്തു.

ലൈംഗികാകര്‍ഷണമുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചതിനാല്‍ സെക്ഷ്വല്‍ ഹരാസ്മെന്റിനുള്ള ഐ.പി.സി 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിധി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി ലൈംഗിക ചോതന ഉണര്‍ത്തുന്ന(sexually provocative) വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. അതുകൊണ്ട് തന്നെ പ്രതിക്കെതിരെ 354 എ വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല,’ എന്നാണ് കോടതി വിധിയിലുള്ളത്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022ലെ ഉത്തരവിലാണ് ഈ വിചിത്ര വാദം.

പ്രസ്താവനയുടെ പൂര്‍ണരൂപം:

എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയെ ലജ്ജിപ്പിക്കുന്നതും അബദ്ധ ജടിലവും ആധുനിക കാലത്തെ പിറകോട്ടടിപ്പിക്കുന്ന പിന്തിരിപ്പന്‍ ആശയ പ്രയോഗവും സ്ത്രീ വിരുദ്ധവുമാണ്.

പരാതിക്കാരി ധരിച്ച വസ്ത്രം പ്രതിയില്‍ ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന പരാമര്‍ശം വ്യക്തിയുടെ വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും അതേ പോലെ ദുഷിച്ച മാനസിക നിലവാരമുള്ള സമാനമനസുള്ള കുറ്റാരോപിതര്‍ക്ക് ന്യായം കണ്ടെത്തി രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍ തുറന്നിടുന്നതുമാണ്.

സാമൂഹ്യ ചിന്താഗതിയെ അങ്ങേയറ്റം പുറകോട്ടടിപ്പിക്കുന്ന ഇത്തരം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കോടതിയുടെയും നീതിന്യായ വ്യവസ്ഥയുടെയും അന്തസ്സിന് ചേരാത്തതും തിരുത്തപ്പെടേണ്ടതുമാണ്.

സ്ത്രീ മുന്നേറ്റത്തിന്റെ വര്‍ത്തമാന കാലത്ത് ലൈംഗികാതിക്രമണ പരാതി നല്‍കിയ സ്ത്രീക്കൊപ്പം നില്‍ക്കേണ്ട ന്യായപീഠങ്ങള്‍ വസ്തുതകളെ സദാചാര കണ്ണുകളാല്‍ വിലയിരുത്തുന്ന രീതി ശരിയല്ല. ഭൂതകാലത്തിന്റെ ഇരുളിലിരുന്ന് എഴുതുന്ന ഇത്തരം വിധിക്കെതിരെയും ആശ്വാസ്യമല്ലാത്ത പദപ്രയോഗത്തിനെതിരെയും ശക്തമായി പ്രതിഷേധിക്കുന്നു

Content Highlight: DYFI Criticizing Kozhikode Sessions Court ruling about Civic Chandran case

We use cookies to give you the best possible experience. Learn more