കോഴിക്കോട്: സംഘടനാ ക്യാമ്പില്‍ മദ്യപിച്ചുവരികയും സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാണിക്കുകയും കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്നതാണോ സെമി കേഡറിസമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അസാന്മാര്‍ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ സംരക്ഷിക്കുന്നുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പരാതി ഗൗരവമുള്ളതാണ്. ചില മാധ്യമങ്ങള്‍ അത് ഗൗരവമായി എടുത്തില്ല എന്ന വിമര്‍ശനം ഡി.വൈ.എഫ്.ഐക്കുണ്ട്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് അക്രണമണമുണ്ടായത്. ഇതെല്ലാം ഒരു സാധാരണ കാര്യം എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നതെന്നും വി.കെ.സനോജ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പീഡന പരാതി ചെറിയകാര്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞതിനെ ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു. നിങ്ങള്‍ ആളെ കൊന്നിട്ട് വരൂ ഞാന്‍ മാലയിട്ട് സ്വീകരിക്കാം എന്നാണ് സുധാകരന്‍ പറഞ്ഞത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണോ സെമി കേഡര്‍ എന്നത് കോണ്‍ഗ്രസ് വ്യക്തമാക്കണം. പീഡനപരാതിയെ നിസാരവത്കരിച്ച സുധാകരന്റെ നിലപാട് അപലപനീയമാണെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു.
അതേസമയം, പരാതിയുണ്ടെങ്കില്‍ പൊലീസിന് കൈമാറുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഭ്യന്തര പ്രശ്നമായി ഒതുക്കി നിര്‍ത്തില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും എതിരെ പരാതി ഉണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ല.
പെണ്‍കുട്ടികളെ നേരിട്ട് കണ്ട് സംസാരിക്കണമെന്നും പരാതി ഉണ്ടെങ്കില്‍ അത് എഴുതി വാങ്ങി പൊലീസിന് കൈമാറാനും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാം. പരാതി ഒരിക്കലും ഒതുക്കി തീര്‍ക്കില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാര്‍ സംഘടനയില്‍ ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.
CONTENT HIGHLIGHTS: DYFI Criticize Youth Congress, coming to the organization camp drunk and sexually assaulting a colleague is semi-cadreism