തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ. സിനിമ ചിത്രീകരണങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞുചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാര്‍ച്ച്, നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റുകയാണുണ്ടായത്.
ചിത്രീകരണാനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡി.വൈ.എഫ്.ഐ വാഗ്ദാനം ചെയ്യുന്നു.
കെ. സുധാകരന്റെ വരവോടുകൂടി, ആര്‍.എസ്.എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞതിന്റെ ലക്ഷണമാണിതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഭയരഹിതമായി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അതേസമയം, കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് കടുവയുടെ സെറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്.
കോട്ടയം പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടയുകയും ചെയ്തു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.
സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: DYFI condemns Youth Congress’ blockade of shooting of Prithviraj movie Kaduva