| Friday, 6th December 2024, 6:58 pm

വയനാടിന് വേണ്ടി ഡി.വൈ.എഫ്.ഐ സമാഹരിച്ചത് 20.44 കോടി രൂപ, കണക്കുകൾ പുറത്ത് വിട്ട് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: വയനാട്‌ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഡി.വൈ.എഫ്.ഐ സമാഹരിച്ചത് 20.44 കോടി രൂപ.

പാഴ്‌വസ്‌തു ശേഖരണം, ചായക്കട, തട്ടുകട, വിവിധ ചലഞ്ച്‌, കുട്ടികൾ കൈമാറിയ സമ്പാദ്യക്കുടുക്ക, മത്സ്യവിൽപ്പന തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെയാണ് 20,44,63,820 രൂപ സമാഹരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് പറഞ്ഞു.

പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റ് സഹായ വാഗ്ദാനങ്ങൾ വേറെയും കിട്ടിയിട്ടുണ്ടെന്നും സെക്രട്ടറി വി. കെ. സനോജ് പറഞ്ഞു.

‘കെട്ടിട നിർമ്മാണ സാമഗ്രികൾ പലരും സ്പോൺസർ ചെയ്തു. വീടുകളിൽ നിന്ന് ആക്രികൾ പെറുക്കിയും നാട്ടിൽ ചായവിറ്റും പായസ ചലഞ്ചുനടത്തിയും പണം ശേഖരിച്ചു. കുട്ടികൾ കുടുക്കയിൽ നിന്ന് പണം നൽകി. ചിലർ കമ്മലും വളയും വരെ ചിലർ ഊരി നൽകി. കന്നുകാലികളെവരെ സംഭാവന നൽകിയവരുണ്ട്. പൂജാരികൾ ദക്ഷിണകൾ പോലും കൈമാറി,’ സനോജ് പറഞ്ഞു.

പണം നൽകിയവരുടെ നല്ല മനസിന് ഡി.വൈ.എഫ്.ഐ നന്ദിയും അറിയിച്ചു.

Content Highlight: DYFI collects Rs 20.44 crore for Wayanad, leadership divulges figures

We use cookies to give you the best possible experience. Learn more