കൊച്ചി: വൈപ്പിന്‍ ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ വാഹനമാണ് തടഞ്ഞത്. എറണാകുളം ഞാറക്കല്‍ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇന്നലെ കോളേജില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു.
ഇതില്‍ പരിക്കേറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് മടങ്ങവെയായിരുന്നു തടഞ്ഞുവെച്ചത്.
മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെയാണ് പി.രാജുവിന് അവിടെനിന്നും മടങ്ങാനായത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ ഇടതുമുന്നണി നടത്തിവരുന്ന പ്രതിഷേധപരിപാടിയില്‍ നിന്നും സി.പി.ഐ വിട്ടു നില്‍ക്കും.
ആക്രമണത്തില്‍ യൂണിറ്റ് സെക്രട്ടറി സ്വലിഹ് അഫ്രീദി, പ്രസിഡന്റ് വിഷ്ണു ടി.എസ് എന്നിവര്‍ക്ക് മര്‍ദനമേറ്റിരുന്നു.
ക്ലാസുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കൊണ്ടിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്.ഐ യുടെ ഭാരവാഹികള്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, ക്ലാസുകളില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതെന്നും ഇതില്‍ പങ്കില്ലെന്നും എസ്.എഫ്.ഐ വ്യക്തമാക്കിയത്.