ചിറ്റൂര്‍: സ്‌കൂളില്‍ ക്രിസ്തുമസ് കരോളിനെതിരെ ഭീഷണിയുയര്‍ത്തിയ വിശ്വ ഹിന്ദു പരിഷത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധ കരോള്‍ നടത്തുമെന്ന് സംഘടനകള്‍. ഡി.വൈ.എഫ്.ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ കരോള്‍ നടത്തുന്നത്.
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലും കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ശക്തമായ ചെറുത്ത് നില്‍പ്പ് ഇക്കാര്യത്തിലും ഉണ്ടാവുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രതികരിക്കുകയുണ്ടായി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കരോള്‍ നടത്തിയതിന് ചീറ്റൂര്‍ നല്ലേപ്പള്ളി യു.പി സ്‌കൂളിലെ അധ്യാപകരെ വി.എച്ച്.പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവര്‍ത്തകരെ ചിറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്.
അതേസമയം, സ്‌കൂള്‍ സമയത്ത് കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതിനെയാണ് ചോദ്യം ചെയ്തതെന്നും ഭീഷണിപ്പെടുത്തിയതല്ലെന്നുമാണ് വി.എച്ച്.പി പാലക്കാട് നേതൃത്വം നല്‍കിയ വിശദീകരണം.
ഭീഷണിപ്പെടുത്തിയതല്ലെന്നും ചില അധ്യാപക സംഘടനകള്‍ വിഷയത്തില്‍ മുതലെടുപ്പ് നടത്തുകയാണെന്നും വി.എച്ച്.പി ആരോപിച്ചിരുന്നു.
Content Highlight: DYFI and Youth Congress are preparing to hold a protest carol against VHP threat