തിരുവനന്തപുരം: ചോദ്യങ്ങളെ ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുവം പരിപാടിയില്‍ നിന്ന് സംവാദങ്ങള്‍ ഒഴിവാക്കിയതെന്ന് ഡി.വൈ.എഫ്.ഐ. യുവം പ്രധാനമന്ത്രിയുടെ മറ്റൊരു മന്‍ കീ ബാത്താക്കി മാറ്റിയെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ പരിപാടിയിലൂടെ യുവാക്കളെ ബി.ജെ.പിയും പ്രധാനമന്ത്രിയും ചേര്‍ന്ന് പറ്റിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന വേളയില്‍ ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുമെന്ന് ഭയന്നാണ് സംവാദം നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന യുവം പരിപാടി മറ്റൊരു മന്‍ കീ ബാത്ത് മാത്രമാക്കി മാറ്റിയത്.\
രാഷ്ട്രീയമില്ലാതെ യുവാക്കളുമായി സംവദിക്കാന്‍ സംഘടിപ്പിച്ചതാണെന്ന് സംഘാടകര്‍ പറഞ്ഞ യുവം പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാരെ മോദിയും ബി.ജെ.പിയും പറ്റിക്കുകയാണ് ചെയ്തത്. സംവാദം പോയിട്ട് ഒരു ചോദ്യം പോലും യുവം പരിപാടിയില്‍ അനുവദിച്ചിട്ടില്ല എന്നത് പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുവാണെന്ന ഡി.വൈ എഫ്.ഐയുടെ ആരോപണം ശരിയാണെന്ന് ഉറപ്പിക്കുന്നതാണ്.
അങ്ങനെ യുവം പരിപാടി കാറ്റ് പോയ ബലൂണായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തില്‍ ബി.ജെ.പി പരിപാടിക്കാണെന്ന് പറഞ്ഞാല്‍ യുവാക്കളെ കിട്ടില്ല എന്ന കാരണത്താലാണ് കള്ളം പറഞ്ഞ് പറ്റിച്ച് യുവം പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഈ രാഷ്ട്രീയ പരിപാടിയിലേക്ക് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചത് ശരിയാണോ,’ അദ്ദേഹം ചോദിച്ചു.
കേരള സന്ദര്‍ശന വേളയില്‍ ചില മത നേതാക്കളുമായി മോദി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഹിന്ദു-മുസ്‌ലിം മത നേതൃത്വത്തെ എന്ത്‌കൊണ്ടാണ് കാണാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേരള സന്ദര്‍ശന വേളയില്‍ ചില മത നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. എന്നാല്‍ ഹിന്ദു-മുസ്‌ലിം മത നേതൃത്വത്തെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി കാണാതിരുന്നത്. ഇപ്പോള്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ രാഷ്ട്രീയ ഉദ്ദേശം എല്ലാവര്‍ക്കും മനസിലാവും.
അതു പോലെ ചരിത്രപരമായ കാരണത്താല്‍ സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന വിവിധ ജനവിഭാഗങ്ങളെ കാണാതിരുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.
കേരളം തൊഴില്‍ നല്‍കുന്നില്ല എന്നാക്ഷേപിച്ച പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാര്‍ വിവിധ റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ വഴി നടത്തിയിട്ടുള്ള നിയമനത്തിന്റെ എണ്ണം എത്രയാണെന്ന് പറയാന്‍ തയ്യാറുണ്ടോ ?
കേരളത്തില്‍ 2016-23 കാലഘട്ടത്തില്‍ 2,06,513 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കേന്ദ്രം എത്ര നടത്തിയെന്ന് പറയാന്‍ തയ്യാറാകണം.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ വെട്ടിക്കുറച്ചും തൊഴില്‍ കരാര്‍വത്ക്കരിച്ചും മുന്നോട്ട് പോകുന്ന യുവജന വിരുദ്ധമായ സമീപനം കേന്ദ്രം തിരുത്താന്‍ തയ്യാറുണ്ടോ എന്നും പ്രധാനമന്ത്രി വ്യക്തമാക്കണം,’ അദ്ദേഹം പറഞ്ഞു.
യുവജനങ്ങളെ വഞ്ചിക്കുന്ന പ്രധാനമന്ത്രി യുവജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകണമെന്നും സനോജ് പറഞ്ഞു.
content highlight: dyfi aganist narendra modi and yuvam programme