| Sunday, 6th January 2019, 5:12 pm

ഹര്‍ത്താലിന് പൊലീസിനെതിരായ അക്രമണത്തിന് നേതൃത്വം നല്‍കിയത് ടി.പി സെന്‍കുമാര്‍: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനുവരി 3ന് നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പൊലീസിനെതിരെ നടന്ന അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറാണെന്ന് ഡി.വൈ.എഫ്.ഐ.

ശബരിമല കര്‍മസമിതിയുടെ നേതാവായ സെന്‍കുമാറിന്റെ അറിവോടെയാണ് പൊലീസിനും പൊലീസ് സ്റ്റേഷനുകള്‍ക്കുമെതിരെ ആക്രമണം നടന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കടകള്‍ ആക്രമിക്കാനാണ് സംഘപരിവാര്‍ പദ്ധതിയിട്ടത്. പൊലീസിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സംയോജിതമായ ഇടപെടലാണ് ആര്‍.എസ്.എസിന്റെ നീക്കം തകരാന്‍ കാരണം. റഹീം പറഞ്ഞു. മിഠായിത്തെരുവില്‍ ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ സാധിച്ചതില്‍ ഡി.വൈ.എഫ്.ഐയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താല്‍ ദിനം സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളില്‍ ശബരിമല കര്‍മസമിതി നേതാക്കളായ പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, അമൃതാനന്ദമയി എന്നിവര്‍ നിലപാട് വ്യക്തമാക്കണം. മാധ്യമങ്ങളോട് മാപ്പ് പറയാന്‍ സംഘപരിവാര്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

പ്രതിപക്ഷനേതാവ് ആര്‍.എസ്.എസ് പ്രചാരകിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more