| Thursday, 27th May 2021, 5:19 pm

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ അണിനിരക്കേണ്ടതുണ്ട്; പൃഥ്വിരാജിന് ഡി.വൈ.എഫ്.ഐയുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിനെതിരെ ഡി.വൈ.എഫ്.ഐ. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ എല്ലാവരും അണിനിരക്കേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

‘ലക്ഷദ്വീപ് ജനതയെ പിന്തുണച്ച നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിനെതിരെ നാം അണിനിരക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ പൃഥ്വിരാജിന് ഡി.വൈ.എഫ്.ഐ പിന്തുണ പ്രഖ്യാപിക്കുന്നു,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ സംഘപരിവാര്‍ ചാനലായ ജനം ടി.വിയുടെ എഡിറ്ററായ ജി.കെ സുരേഷ് ബാബു ചാനലിന്റെ ഒണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ എഴുതിയ ലേഖനത്തില്‍ പൃഥ്വിരാജിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായിരുന്നു.
പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ടെന്നും സുരേഷ് ബാബു ലേഖനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ പൃഥ്വിക്ക് പിന്തുണയും ജനം ടി.വിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ അരുണ്‍ ഗോപിയും മിഥുന്‍ മാനുവല്‍ തോമസുമടക്കമുള്ള നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.സംഘപരിവാര്‍ ചാനല്‍ പൃഥ്വിരാജിനെതിരെ നടത്തുന്ന വേട്ടയാടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുന്‍ എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞത്. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളില്‍ തലയൊളിപ്പിച്ചപ്പോള്‍ ആര്‍ജ്ജവത്തോടെ ഉയര്‍ന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് പ്രതിഷേധം കനത്തതോടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ ലേഖനം ജനം ടി.വി പിന്‍വലിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGTS : DYFI against Sangh Parivar cyber attack on actor Prithviraj for supporting Lakshadweep people

We use cookies to give you the best possible experience. Learn more