കണ്ണൂര്‍: സമസ്തയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍.
കമ്മ്യൂണിസം അടക്കമുള്ള ആശയങ്ങള്‍ക്കെതിരെ സമസ്ത നടത്തുന്ന ക്യാമ്പയിനെതിരെയാണ് വിമര്‍ശനം. വായ പോയ കോടാലിയും കൊണ്ട് സമസ്ത കമ്മ്യൂണിസ്റ്റുകാരെ വെട്ടാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് ഷാജര്‍ പറഞ്ഞു.
സമസ്തയ്ക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന് തോന്നുന്നുവെന്നും കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കുമെന്ന് കരുതട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
” വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം കൂടി സമസ്ത കണ്ടു പിടക്കുമെന്ന് കരുതുന്നു. എന്നിട്ട് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിന് മുന്നിലും ഒന്ന് സ്ഥാപിച്ചു നോക്കുക. അപ്പോള്‍ അറിയാം ആര്‍ക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിന്‍ നടത്തേണ്ടത് എന്ന്,” ഷാജര്‍ ഫേസ്ബുക്കിലെഴുതി.
കൊടപ്പനയ്ക്കല്‍ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ കയറി തെറി വിളിച്ചപ്പോള്‍ സമസ്ത എവിടെ ആയിരുന്നെന്നും
കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോള്‍ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണെന്നും ഷാജര്‍ പറഞ്ഞു.
കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരെ ലൈറ്റ് ഓഫ് മിഹ്റാബ് എന്ന ക്യാമ്പയിനുമായാണ് സമസ്ത രംഗത്ത് വന്നത്.
കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നും ഇത് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ടെന്നും സമസ്ത ക്യാമ്പയിനെ കുറിച്ച് വിശദീകരിക്കുന്ന ലേഖനത്തില്‍ പറയുന്നുണ്ട്.
സമസ്ത നേതാവും ദാറുല്‍ ഹുദ് ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സുപ്രഭാതം പത്രത്തിലും ചന്ദ്രിക പത്രത്തിലും എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മുസ്‌ലിങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.