ഇത് സംഘപരിവാറിനുള്ള താക്കീത്; ബി.ജെ.പിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല; ജാഗ്രതാ സദസുമായി ഡി.വൈ.എഫ്.ഐ
Kerala News
ഇത് സംഘപരിവാറിനുള്ള താക്കീത്; ബി.ജെ.പിക്ക് മുന്നില്‍ കേരളം തലകുനിക്കില്ല; ജാഗ്രതാ സദസുമായി ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 8:01 pm

കണ്ണൂര്‍: മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്നുള്ള ബി.ജെ.പിയുടെ പരസ്യമായ ആഹ്വാനത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയ തലശ്ശേരിയില്‍ വെച്ചായിരുന്നു ഡി.വൈ.എഫ്.ഐ ജാഗ്രതാ സദസ് എന്ന പേരില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.

ബി.ജെ.പിക്ക് മുന്നില്‍ കേരളം തലകുനിക്കില്ലെന്നും സംഘപരിവാറിന് താക്കീതായി യുവതയുടെ ജാഗ്രതയാണിതെന്നുമാണ് പരിപാടിയെ കുറിച്ച് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ. റഹീം അഭിപ്രായപ്പെട്ടത്.

‘സംഘപരിവാറിന് താക്കീതായി, തലശ്ശേരിയില്‍ യുവതയുടെ ജാഗ്രത. ബി.ജെ.പിയ്ക്ക് മുന്നില്‍ കേരളം തലകുനിക്കില്ല. ഇന്നലെയാണ് പ്രകോപനപരമായ മുദ്രാവാക്യവുമായി മത സൗഹാര്‍ദം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമംനടന്നത്.മത ന്യൂനപക്ഷങ്ങളെ വേട്ടയാടാനും അവരെ ഭയപ്പെടുത്താനും ആര്‍.എസ്.എസിനെ അനുവദിക്കില്ല,’ എന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞത്.

വിദ്വേഷപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

‘യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയര്‍ത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കുന്നതാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിന്റെ പേരില്‍ വെറുപ്പ് വളര്‍ത്താനാണ് ശ്രമം.

ഇത് അനുവദിക്കാന്‍ കഴിയില്ല. മതേതരം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നല്‍കേണ്ടതുണ്ട്,’ എന്നായിരുന്നു ഡി.വൈ.എഫ്.ഐ പറഞ്ഞത്.

അതേസമയം, പ്രവര്‍ത്തകരെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.
ഇതൊന്നും വലിയ സംഭവമായി കാണേണ്ടെന്നും സ്വാഭാവിക പ്രതിഷേധമായി മാത്രം കണ്ടാല്‍ മതി എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

”അതൊന്നും വലിയ സംഭവമല്ല. രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ പോപ്പുലര്‍ഫ്രണ്ട് ക്രൂരമായി കൊലപ്പെടുത്തി. ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതിലുള്ള സ്വാഭാവിക പ്രതിഷേധമായി മുദ്രാവാക്യം വിളിയെ കണ്ടാല്‍ മതി,’ എന്നാണ് സംഭവത്തെ കുറിച്ച് സുരേന്ദ്രന്‍ പറയുന്നത്.

അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ കണ്ടാലറിയാവുന്ന 25ല്‍ അധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

കെ.ടി. ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളി. ”അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളികളും കേള്‍ക്കില്ല,” എന്നാണ് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍.

എന്നാല്‍, സി.പി.ഐ.എം കേരളത്തില്‍ ഉള്ളടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാക്കില്ലെന്നായിരുന്നു സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞത്.

ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സി.പി.ഐ.എമ്മിനും മതനിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DYFI against mosque demolition slogan