തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ. സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാര്‍ മറുപടി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
കെ. സുധാകരന്റേത് സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണെന്നും ചിന്തന്‍ ശിബിരത്തില്‍ വെച്ച് അസഭ്യവര്‍ഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകള്‍ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ്. ചിന്തന്‍ ശിബിരത്തില്‍ വെച്ച് അസഭ്യ വര്‍ഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയില്‍ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തു വന്നത്.
വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പില്‍ നവകേരള സൃഷ്ടിക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയില്‍ തമ്പടിച്ചത് കണ്ട് കെ. സുധാകരന്‍ വി. ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാര്‍ത്തി നല്‍കാന്‍ പോകുന്നതെന്ന് കൂടി പറയണം,’ പ്രസ്താവനയില്‍ പറഞ്ഞു.
തൃക്കാക്കര കോണ്‍ഗ്രസിന് അര്‍ഹര്‍ഹപ്പെട്ടതാണെന്നും ഇടതുപക്ഷം അര്‍ഹതപ്പെടാത്തതിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നുമുള്ളതാണ് സുധാകരന്റെ ശുഷ്‌കമായ ജനാധിപത്യബോധമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാന്‍ മുന്നില്‍ നിന്ന കെ. സുധാകരനും കോണ്‍ഗ്രസിനും ജനങ്ങള്‍ മറുപടി നല്‍കിയത് ഇടതുപക്ഷത്തിന് 99 സീറ്റുകള്‍ നല്‍കികൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രിയെ അധിക്ഷേപിച്ച അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തുവന്നിരുന്നു. സുധാകരന്റേത് സംസ്‌കാരശൂന്യതയാണെന്നും കെ.പി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശത്തിനെതിരെ മുന്നണി നിയമനടപടിക്കൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരന്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. യു.ഡി.എഫിന്റെ നടപടി അപലപനീയമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ എ.ഐ.സി.സി സുധാകരനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു.
‘കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ് ആ പദപ്രയോഗം. വിമര്‍ശിക്കാം, പക്ഷെ എന്തും പറയാമെന്ന നിലയിലാണ് കെ.പി.സി.സി അധ്യക്ഷന്‍ എത്തിയിരിക്കുന്നത്. ഇതാണ് കോണ്‍ഗ്രസ് എന്നും യു.ഡി.എഫെന്നും വോട്ടര്‍മാര്‍ അറിയണം.
തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. പരാമര്‍ശത്തിനെതിരെ ബൂത്ത് തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സുധാകരന്‍ നടത്തിയ പരാമര്‍ശം സാധാരണ പ്രവര്‍ത്തകര്‍ പോലും ഉപയോഗിക്കില്ല. അത്തരം പദങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ഗുരുതര കുറ്റമാണ്. സുധാകരനെതിരെ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് ചെയ്യണം,’ ഇ.പി. ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ വരുന്നത് ചങ്ങല പൊട്ടിയ നായയെ പോലെയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ബിഹൈന്‍ഡ് വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാരകന്റെ പ്രതികരണം.
എല്‍.ഡി.എഫിന്റെ പ്രചരണം കണ്ട് കോണ്‍ഗ്രസിന് ഹാലളകിയിട്ടില്ല. ഹാലളകിയത് മുഖ്യമന്ത്രിക്കാണ്. ഒരു മുഖ്യമന്ത്രിയാണെന്ന ബോധം അദ്ദേഹത്തിന് വേണം. ഒരു നിയോജകമണ്ഡലത്തില്‍ തേരാപാരാ നടക്കുകയാണ് അദ്ദേഹം പറഞ്ഞു. ഒരു ബൈ ഇലക്ഷനില്‍ നായ ചങ്ങല പൊട്ടിച്ച് വരുന്നതുപോലെയല്ലെ അദ്ദേഹം നടക്കുന്നത്. അദ്ദേഹത്തെ നിയന്ത്രിക്കാനാരുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
Content Highlight: DYFI against KPCC President K Sudakaran over his controversial statement about CM