| Friday, 22nd July 2022, 11:44 am

എനിക്ക് അത് വേണ്ട ആ ജേഴ്‌സി അയാള്‍ക്ക് മാത്രമാണ്; പത്താം നമ്പര്‍ ജേഴ്‌സി നിരസിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ടീമുകളിലെ ഏറ്റവും മികച്ച താരങ്ങള്‍ അല്ലെങ്കില്‍ ടീമില്‍ ഏറ്റവും പ്രധാന താരങ്ങള്‍ക്കാണ് ടീമുകള്‍ക്കാണ് പത്താം നമ്പര്‍ ജേഴ്‌സി നല്‍കുക. ചില ടീമുകളില്‍ പത്താം നമ്പര്‍ ഐക്കോണിക്കായി നിലനിര്‍ത്തി റിട്ടയര്‍ ചെയ്യാറുണ്ട്.

എ.എസ്. റോമ അത്തരത്തിലുള്ള ഒരു ക്ലബ്ബാണ്. ടീമിന്റെ എക്കാലത്തേയും മികച്ച ലെജന്‍ഡായ ഫ്രാന്‍സിസ്‌കോ ടോട്ടിയായിരുന്നു അവിടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞിരുന്നത്. അദ്ദേഹം വിരമിച്ചപ്പോള്‍ പത്താം

നമ്പര്‍ ജേഴ്‌സിയും റോമ റിട്ടയര്‍ ചെയ്തിരുന്നു. എന്നാല്‍ യുവന്റസില്‍ നിന്നും ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിലെത്തിയ അര്‍ജന്റീന സൂപ്പര്‍താരം പൗളൊ ഡിബാലക്ക് പത്താം നമ്പര്‍ ജേഴ്‌സി റോമയും ടോട്ടിയും ഓഫര്‍ ചെയ്തിരുന്നു.

എന്നാല്‍ ഡിബാല ഇത് നിരസിക്കുകയായിരുന്നു. യുവന്റസ് കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി റോമയിലേക്ക് ചേക്കേറിയ താരം പത്താം നമ്പര്‍ ജേഴ്സിക്ക് പകരം യുവന്റസിലെന്നത് പോലെ ഇരുപത്തിയൊന്നാം നമ്പര്‍ ജേഴ്സിയാണ് തെരഞ്ഞെടുത്തത്.

ടോട്ടിയോടുള്ള ബഹുമാനത്തെ മാനിച്ചാണ് താരം പത്താം നമ്പര്‍ ജേഴ്‌സി നിഷേധിച്ചത്. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വെച്ച് അത് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഡിബാല പറഞ്ഞത്. അത് ഇപ്പോഴും ടോട്ടിയുടേത് തന്നെയാണെന്നാണ് ഡിബാല വിശ്വസിക്കുന്നത്.

‘ഞാന്‍ പത്താം നമ്പര്‍ ജേഴ്സിയെടുക്കണമെന്ന് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ടോട്ടി ചെയ്ത കാര്യങ്ങള്‍ കൊണ്ടു തന്നെ അതിവിടെ വളരെ പ്രധാനപ്പെട്ടതാണ്. അതിപ്പോഴും അദ്ദേഹത്തിന്റേത് തന്നെയാണ്. ഞാന്‍ അവരോട് നന്ദി പറഞ്ഞു. കാരണം അതുപോലൊരു ജേഴ്സി ബഹുമാനവും ഉത്തരവാദിത്തവും അര്‍ഹിക്കുന്നതാണ്,’ ഡിബാല പറഞ്ഞു.

എന്നെങ്കിലുമൊരിക്കല്‍ താന്‍ ആ ജേഴ്‌സി അണിയുമെന്നും എന്നാല്‍ ഇപ്പോള്‍ അതിന് സമയമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 21ാം നമ്പര്‍ ജേഴ്‌സിയില്‍ ഞാന്‍ സംതൃപ്തനാണെന്നും ഡിബാല കൂട്ടിച്ചേര്‍ത്തു.

‘ചിലപ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ ഞാനത് അണിയും. എന്നാല്‍ ഇപ്പോള്‍ 21ാം നമ്പര്‍ ജേഴ്സിയില്‍ ഞാന്‍ വളരെ സംതൃപ്തനാണ്. ഈ നമ്പറിലാണ് ഞാന്‍ വിജയങ്ങള്‍ നേടിയത്, എന്റെ കൂടെയുള്ളതുമതാണ്.’ മാധ്യമങ്ങളോട് സംസാരിക്കവേ ഡിബാല പറഞ്ഞു.

ഇന്റര്‍ മിലാന്‍, എസി മിലാന്‍ എന്നീ ടീമുകളുടെ ഓഫര്‍ ഉണ്ടായിരുന്നിട്ടും റോമയെ തെരഞ്ഞെടുക്കാന്‍ കാരണം മൗറീന്യോ നേരിട്ടു വിളിച്ച് ടീമിന്റെ പദ്ധതികള്‍ കൃത്യമായി വിശദീകരിച്ചത് കൊണ്ടാണെന്നും ഡിബാല വ്യക്തമാക്കി. നിലവില്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ച താരം ജൂലൈ മുപ്പതിന് ടോട്ടന്‍ഹാമുമായി നടക്കുന്ന സൗഹൃദമത്സരത്തില്‍ ഇറ്റാലിയന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Dybala Rejected Number 10 Jersey at  Roma

We use cookies to give you the best possible experience. Learn more