| Monday, 18th July 2022, 6:00 pm

അങ്ങനെ ഡിബാലെയും ടീം മാറി; അര്‍ജന്റൈന്‍ സൂപ്പര്‍താരത്തെ സൂപ്പര്‍ക്ലബ്ബ് സ്വന്തമാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

വര്‍ഷങ്ങളോളം യുവന്റസില്‍ കളിച്ചതിന് ശേഷം ടീം മാറിയിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം പൗളൊ ഡിബോല. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നും എ.എസ് റോമയിലേക്കാണ് താരം കൂടുമാറിയത്.

മൂന്ന് വര്‍ഷത്തെ കരാറിനാണ് താരത്തെ റോമ സ്വന്തമാക്കിയത്. 2025 വരെയായിരിക്കും അദ്ദേഹത്തിന്റെ കരാര്‍. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കരാര്‍ പുതുക്കുന്നില്ലെന്ന് യുവന്റസ് തീരുമാനിച്ചതോടെയാണ് ഡിബാല ക്ലബ് വിടുന്നത്. മുന്‍ പലര്‍മോ താരത്തിനായി ഇന്റര്‍ മിലാന്‍, നാപ്പോളി തുടങ്ങിയ ക്ലബുകള്‍ ശക്തമായ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവില്‍ റോമയാണ് അതില്‍ വിജയിച്ചത്. അടുത്തു തന്നെ അര്‍ജന്റീന താരം മെഡിക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റോമയുമായി കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിഹാസ പരിശീലകനായ മൗറീന്യോയുടെയും ക്ലബ്ബിന്റെ ഇതിഹാസതാരമായ ഫ്രാന്‍സിസ്‌കോ ടോട്ടിയുടെയും ഇടപെടലാണ് ഡിബാല ചാമ്പ്യന്‍സ് ലീഗ് ക്ലബ്ബുകളെ മറന്ന് യൂറോപ്പ ലീഗില്‍ കളിക്കുന്ന റോമയെ തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. റിട്ടയര്‍ ചെയ്ത തന്റെ പത്താം നമ്പര്‍ ജേഴ്സി ഡിബാലക്ക് നല്‍കാമെന്ന ഓഫര്‍ ടോട്ടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. താരത്തെ മൗറീന്യോ നേരിട്ടു വിളിച്ചാണ് ടീമിലേക്ക് ക്ഷണിച്ചത് എന്നും വാര്‍ത്തകളുണ്ട്.

ഡിബാലയുടെ വരവ് സീരി എയില്‍ മുന്നോട്ടു കുതിക്കാനുള്ള റോമയുടെ പദ്ധതികള്‍ക്ക് കരുത്തു പകരുമെന്നതില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണില്‍ ലീഗില്‍ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്ത റോമ യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കാനുള്ള പരിശീലകന്‍ മൗറീന്യോയുടെ ആഗ്രഹത്തിനും ഡിബാല ട്രാന്‍സ്ഫര്‍ ശക്തിയേകുന്നു.

Content Highlights: Dybala is Moving to Roma fc from juventus

We use cookies to give you the best possible experience. Learn more