| Wednesday, 19th October 2022, 1:53 pm

സെറ്റില്‍ ചില കുടിയന്മാരൊക്കെ അടിച്ച് ഫിറ്റായി വന്ന് ക്യാമറയുടെ സൈഡില്‍ നിന്നിട്ട് ആക്ഷന്‍ എന്ന് പറയും; ചിലരിലൊക്കെ ഞാന്‍ എന്നെ കണ്ടിട്ടുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയില്‍ വലിയ സാന്നിധ്യമായി മാറുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. പ്രകാശന്‍ പറക്കെട്ട എന്ന ചിത്രത്തിനാണ് ധ്യാന്‍ ഒടുവില്‍ കഥയെഴുതിയത്. ഉടല്‍ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ വലിയ പ്രശംസയും ധ്യാന്‍ നേടിക്കഴിഞ്ഞു.

സിനിമകളേക്കാള്‍ ഏറെ ഹിറ്റായി മാറുന്ന ധ്യാനിന്റെ അഭിമുഖങ്ങള്‍ക്കും ഇന്ന് ആരാധകര്‍ ഏറെയാണ്. കുട്ടിക്കാലത്തെ കുറിച്ചും സിനിമയില്‍ വന്ന ശേഷം സംഭവിച്ച പല കാര്യങ്ങളെ കുറിച്ചും നര്‍മം ഒട്ടും ചോരാതെ അഭിമുഖങ്ങളില്‍ പ്രത്യേക രീതിയില്‍ പറയുന്ന ധ്യാനിന്റെ അവതരണം തന്നെയാണ് അഭിമുഖങ്ങള്‍ക്ക് ആരാധകരെ കൂട്ടിയത്.

ചിലരെ ഒബ്‌സര്‍വ് ചെയ്യുന്ന തന്റെ രീതിയെ കുറിച്ചും ആളുകളുമായി നിരന്തരം സംസാരിച്ച് അവരുടെ കഥകള്‍ കേള്‍ക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ധ്യാന്‍.

ചില ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്ന കുടിയന്‍മാരെ കുറിച്ചാണ് ധ്യാന്‍ പറയുന്നത്. സിനിമ എടുക്കുമ്പോള്‍ ഒബ്‌സര്‍വേഷന്‍ വലിയ രീതിയില്‍ സഹായകമായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ധ്യാനിന്റെ മറുപടി.

‘ഒബ്‌സേര്‍വ് ചെയ്യുക എന്നത് ഒരു ക്യൂരിയോസിറ്റിയാണ്. യാത്ര ചെയ്യുമ്പോഴൊക്കെ നമുക്ക് കിട്ടുന്ന കുറച്ച് കാര്യങ്ങളുണ്ട്. ആരെങ്കിലും പറയുന്ന കഥകളില്‍ നിന്ന് കിട്ടുന്ന ചില ത്രെഡുകളായിരിക്കാം സിനിമയായി മാറുന്നത്. സിനിമയിലുള്ള എഴുത്തുകാരും സംവിധായകരും എല്ലാം അത്തരത്തില്‍ ഒബ്‌സേര്‍വ് ചെയ്യുന്നവരായിരിക്കും.

ഞാന്‍ എല്ലാവരുടേയും അടുത്ത് സംസാരിക്കുന്ന ആളാണ്. റാന്‍ഡമായി സംസാരിക്കുമ്പോള്‍ നമ്മള്‍ക്ക് അവരുടെ ലൈഫും കഥകളും കുഞ്ഞുകുഞ്ഞു കാര്യങ്ങളും കിട്ടും. സെറ്റിലൊക്കെ ചിലപ്പോള്‍ അടിച്ചുഫിറ്റായി ചില കള്ളുകുടിയന്‍മാര്‍ ആടിയാടി വന്നിട്ട് പുറകില്‍ നിന്ന് ആക്ഷന്‍ എന്നൊക്കെ വിളിച്ചു പറയും.

അവരെയൊക്കെ വിളിച്ചിരുത്തിയിട്ട് ചേട്ടന്‍ എന്താ അടിച്ചേ എന്നൊക്കെ ചോദിച്ച് ഞാന്‍ ഇരുന്ന് സംസാരിക്കും. ഒന്ന് എനിക്ക് അവരെ കാണുമ്പോള്‍ എന്നെ തന്നെ ഓര്‍മ വരും. ഇത് ഭയങ്കര രസമാണ്. അങ്ങനെയുള്ള ആളുകളെ നമുക്ക് അമ്പലങ്ങളിലും പെരുന്നാളിനും പരിപാടിക്കുമൊക്കെ കാണാം. ഭയങ്കര ലൈവായി നില്‍ക്കുന്നവര്‍.

അവരുടെ അടുത്ത് സംസാരിക്കുന്നത് ഭയങ്കര രസമാണ്. മലയാളികളെ പൊതുവെ ജനറലൈസ് ചെയ്യാന്‍ കഴിയില്ല. ഭയങ്കര യുണീക് ആണ്. ഓരോരുത്തര്‍ക്കും ഓരോ സ്വഭാവമാണ്. തമിഴന്‍മാരിലും തെലുങ്കന്‍മാരിലും ഒരു കോമണ്‍ സംഭവമുണ്ടാകും. പക്ഷേ മലയാളികള്‍ അങ്ങനെ അല്ല.

ചില ലൊക്കേഷനില്‍ പോകുമ്പോള്‍ ധ്യാനേ ഇവിടെ വാ എന്ന് പറഞ്ഞ് ചിലര്‍ വിളിക്കും. എനിക്ക് അറിയുക പോലുമുണ്ടാകില്ല അവരെ. അച്ഛന്‍ എന്ത് പറയുന്നു, സുഖമല്ലേ, അച്ഛനെ നന്നായി നോക്കണം കേട്ടോ എന്നൊക്കെ ഇവര്‍ എന്നോട് പറയും. ഞാന്‍ ഇങ്ങനെ അന്തം വിട്ട് നില്‍ക്കും. അവര്‍ എന്നെ കാണുന്നത് അവരുടെ വീട്ടിലെ ആളായാണ്.

പിന്നെ അവര്‍ അച്ഛനെ കാണുന്നതും അങ്ങനെയാണ്. ശ്രീനിയേട്ടന്റെ മോന്‍ എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഭയങ്കര അടുപ്പവും പരിചയവുമുള്ള ആളാണ്. ധ്യാനെ വാ എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ അച്ഛനോടുള്ള ഇഷ്ടമുണ്ട് അതില്‍. ചിലര്‍ ദേഷ്യത്തിലൊക്കെ വിളിച്ച് കുടിക്കാന്‍ ഒരു കരിക്കെടുക്കട്ടെ എന്നൊക്കെ ചോദിക്കും. അച്ഛനോടും ചേട്ടനോടുമുള്ള ഇഷ്ടം എനിക്ക് ഒരുപാട് പേരില്‍ നിന്ന് കിട്ടുന്നുണ്ട്.

ശ്രീനിവാസന്റെ മകനായതുകൊണ്ട് മാത്രം സിനിമയില്‍ വന്ന ആളാണ് ഞാന്‍. പക്ഷേ ഒരു സ്ഥലത്തുപോലും അച്ഛന്‍ എനിക്ക് വേണ്ടി ശിപാര്‍ശ ചെയ്തിട്ടില്ല. ശ്രീനിവാസന്റെ മകനാണെന്ന കണ്‍സെഷന്‍ എനിക്ക് കിട്ടരുതെന്ന് നിര്‍ബന്ധമുള്ള ആളാണ് അച്ഛന്‍.
മക്കള്‍ക്ക് വേണ്ടി ആരുടെ മുന്നിലും അദ്ദേഹം ചെന്നിട്ടില്ല, ധ്യാന്‍ പറഞ്ഞു.

Content Highlight: Dyan Sreenivasan About His Observation and Some Drukards on Movie Set

We use cookies to give you the best possible experience. Learn more