വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിച്ച സിനിമയാണ് വര്‍ഷങ്ങള്‍ക്കുശേഷം. ഒ.ടി.ടി റിലീസിന് ശേഷം വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ചിത്രത്തിലെ ധ്യാന്‍-ബേസില്‍ കോമ്പോ രംഗങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു.
സിനിമയുടെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളിലെല്ലാം പരസ്പരം തഗ്ഗടിച്ച് പോരടിക്കുന്ന രണ്ടുപേരായിരുന്നു ധ്യാനും ബേസിലും. ധ്യാനിന്റെ പല കൗണ്ടറുകള്‍ക്ക് മുന്‍പിലും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ബേസിലിനേയും പ്രേക്ഷകര്‍ കണ്ടു.
സിനിമ ഇറങ്ങിയതിന് പിന്നാലെ ബേസിലിനെ തമാശരൂപേണ കളിയാക്കിക്കൊണ്ടുള്ള ചില കമന്റുകളൊക്കെ ധ്യാന്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലെ തന്റെ പ്രകടനം ബേസിലിനേക്കാള്‍ ഗംഭീരമായെന്നും ഇതിന്റെ വിഷമത്തില്‍ ഏതോ ഹോട്ടലില്‍ റൂമെടുത്ത് വെള്ളമടിച്ചിരിക്കുകയാണ് ബേസില്‍ എന്നൊക്കെയായിരുന്നു ധ്യാനിന്റെ കമന്റ്.
ഇതിന് പിന്നാലെ ഇറങ്ങിയ ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തില്‍ ഒരുഗ്രന്‍ കഥപാത്രമായാണ് ബേസില്‍ എത്തിയത്. സിനിമ ഹിറ്റായതിന് പിന്നാലെ എല്ലാവര്‍ക്കും ബേസിലോട് ചോദിക്കാനുള്ള ചോദ്യം സിനിമ കണ്ട് ധ്യാന്‍ വിളിച്ചോ എന്നായിരുന്നു.
ധ്യാന്‍ വിളിച്ചിരുന്നെന്നും അഭിനന്ദനം അറിയിച്ചെന്നും ബേസില്‍ പറയുകയും ചെയ്തു. ഗുരുവായൂരമ്പല നടയില്‍ ഇറങ്ങിയ ദിവസം തന്നെ ബേസിലിനെ ഫോണ്‍ ചെയ്യാനുള്ള ‘വല്ലാത്തൊരു സാഹചര്യ’ത്തെ കുറിച്ചാണ് ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.
‘ ഞാന്‍ അവനെ വേറൊരു കാര്യത്തിന് വേണ്ടി വിളിച്ചതായിരുന്നു. അന്ന് സിനിമ ഇറങ്ങിയിട്ടേ ഉള്ളൂ. ആ കോള്‍ വിളിക്കുന്നതിന്റെ തൊട്ട് മുന്‍പാണ് പടം ഹിറ്റാണെന്ന കാര്യം അറിയുന്നത്, എനിക്ക് വിളിക്കേണ്ട കാര്യവുമുണ്ട്. ഇവന്റെ അഹങ്കാരം കേള്‍ക്കേണ്ടിയും വരുമെന്ന ഉറച്ച വിശ്വാസത്തോടെ വിളച്ചതാണ്. ഫോണ്‍ എടുത്തപ്പോള്‍ തന്നെ അവന്റെ ചിരിയായിരുന്നു ഞാന്‍ കേട്ടത്. അതവിടെ നില്‍ക്കട്ടെ ഞാന്‍ വിളിച്ചത് വേറൊരു കാര്യത്തിനാണെന്ന് പറഞ്ഞ് ആ കാര്യം പറഞ്ഞു. വെക്കുന്നതിന് മുന്‍പ് നിന്റെ ഈ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു എന്ന് പറഞ്ഞു(ചിരി)
ഇതൊക്കെ തമാശയില്‍ പറയുന്ന കാര്യങ്ങളാണ്. അവന്‍ എന്റെ സുഹൃത്താണ്. അവന്റെ സിനിമ ഓടുക എന്നത് എനിക്ക് സന്തോഷമാണ്. ബാക്കിയെല്ലാം തമാശയ്ക്ക് പറയുന്നതാണ്. സിനിമയുടെ ആദ്യ റെസ്‌പോണ്‍സ് കേട്ട് അഭിനന്ദനം പറയാന്‍ പറ്റി എന്നതും എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.
മുന്‍പൊക്കെ ബേസിലിനെ ആരെങ്കിലും കണ്ടാല്‍ അവന്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രത്തെ കുറിച്ചായിരുന്നു പറയാറ്. ഞാനുമായി ഒരു അഭിമുഖത്തില്‍ ഇരുന്ന ശേഷം അടുത്ത അഭിമുഖത്തില്‍ നമുക്ക് പൊളിക്കണം എന്നൊക്കയാണത്രേ ഇപ്പോള്‍ അവനോട് പറയാറ്. എന്റെ കൂടെ അഭിമുഖത്തില്‍ ഇരുന്നതിന്റെ ഗുണമാണ്,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dyan Sreenivasan about Basil Joseph and Varshangalkushesham Movie