| Monday, 2nd December 2024, 1:38 pm

രാജ്യത്തെ അസ്ഥിരപ്പെടുത്താനും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവയായിരുന്നു ഡി.വൈ. ചന്ദ്രചൂഡ്: ദുഷ്യന്ത് ദവെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പള്ളികളില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഭരണഘടനയോടും ഈ രാജ്യത്തോടും ചെയ്തത് വലിയ ദ്രോഹമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും അഭിഭാഷകനുമായ ദുഷ്യന്ത് ദവെ. ദി വയറില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ദുഷ്യന്ത് ദവെയുടെ പരാമര്‍ശം.

2022 മെയില്‍ ഗ്യാന്‍വ്യാപി കേസിലൂടെ മുന്‍ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പുതിയ കേസുകള്‍ക്ക് വഴി വെച്ചുവെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. ഗ്യാന്‍വ്യാപി കേസില്‍ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയ ന്യൂനപക്ഷ സമുദായത്തിന്റെ ഹരജി പരിഗണിച്ച ജസ്റ്റിസ് പുരാവസ്തു വകുപ്പിനെ സര്‍വേ നടത്താന്‍ അനുവദിച്ചത് ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം വിധിന്യായം തന്നെ തെറ്റിച്ച അദ്ദേഹം ഇത്തരത്തിലുള്ള ഒരു നടപടിക്കും കൂട്ടുനില്‍ക്കില്ലെന്ന് ഉത്തരവിട്ടിരുന്നെങ്കില്‍ രാജ്യത്തിന് അതൊരു സേവനമാകുമായിരുന്നെന്നും ദവെ പറഞ്ഞു.

അതിന് തയ്യാറാവാതിരുന്ന അദ്ദേഹം ദുരൂഹപരമായ കാരണങ്ങളാല്‍ രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവയായി നിന്നുകൊടുക്കുകയായിരുന്നുവെന്നും ദവെ ആരോപിക്കുകയുണ്ടായി.

രാജ്യത്തെ അസ്ഥിരപ്പെടുത്താനും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്നവരുടെ കൈകളിലെ കളിപ്പാവയാവുകയാണ് ചന്ദ്രചൂഡെന്നും ബി.ജെ.പിയുടെ സ്വാധീനത്തിലാണ് അദ്ദേഹം അത്തരത്തിലുള്ള വിധിന്യായം നടത്തിയതെന്നും ദവെ ആരോപിച്ചു.

പ്രധാനമന്ത്രിക്കൊപ്പമുള്ള ഗണപതി പൂജയില്‍ പങ്കെടുത്തതും അയോധ്യാ വിധിയില്‍, സര്‍വശക്തനില്‍ നിന്നുമുള്ള ദിവ്യജ്ഞാനം ലഭിച്ചെന്നു പറഞ്ഞതിലൂടെയും ബി.ജെ.പിയുമായുള്ള ബന്ധം അദ്ദേഹം തെളിയിക്കുകയായിരുന്നുവെന്നും ദവെ ആരോപിച്ചു.

രാജ്യത്ത് ഇപ്പോള്‍ വികസിച്ചുകൊണ്ടിരിക്കുന്നത് ഗുരുതരമായ സാഹചര്യമാണെന്നും 1991ലെ ആരാധനാ നിയമത്തിലൂടെ നിരോധിക്കപ്പെട്ടവയാണ് പ്രാവര്‍ത്തികമാകുന്നതെന്നും പറഞ്ഞ ദവെ സ്വാതന്ത്ര്യത്തിന് മുമ്പുള്ള എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്നാണ് നിയമം പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഈ നിയമങ്ങളെ ലംഘിക്കരുതെന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്നും സുപ്രീം കോടതി പറയുന്നുണ്ടെന്നും എല്ലാ മതവിശ്വാസങ്ങള്‍ക്കിടയിലും തുല്യത പുലര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും ദവെ പറയുന്നു.

Content Highlight: DY. Chandrachud is a puppet in the hands of those who are trying to destabilize the country and oppress the minorities: Dushyant Dave

We use cookies to give you the best possible experience. Learn more