അധികാരം നിലനിര്‍ത്താന്‍ കള്ളങ്ങളെ ആശ്രയിക്കുന്നവരാണ് ഏകാധിപത്യ സര്‍ക്കാരുകള്‍, സത്യമറിയാന്‍ അവരെ മാത്രം ആശ്രയിക്കരുത്; പൊതുജനങ്ങളോട് ജസ്റ്റിസ് ചന്ദ്രചൂഡ്
ന്യൂദല്‍ഹി: സത്യം വിളിച്ചുപറയാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ആധുനിക ജനാധിത്യ രാജ്യത്ത് ഇത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
എം.സി. ചാഗ്‌ള അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭരണകൂടത്തിന്റെ നുണകള്‍ വെളിപ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് ജനങ്ങളുടെ കടമയുമാണ്,’ ചന്ദ്രചൂഢ് പറഞ്ഞു.
സര്‍ക്കാരുകളെ ഉത്തരവാദിത്തമുള്ളവരാക്കലും വ്യാജവാര്‍ത്തകള്‍ക്കും തെറ്റായ പ്രചരങ്ങള്‍ക്കും എതിരെ നില്‍ക്കേണ്ടതും ആധുനിക ജനാധിപത്യ രാജ്യത്ത് ഒഴിച്ചുകൂടാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനില്‍ക്കാന്‍ അഭിപ്രായ സ്വാതന്ത്ര്യം കൂടിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സത്യം അല്ലെങ്കില്‍ ശരിയായ വിവരം അറിയാന്‍ വേണ്ടി ഒരിക്കലും സര്‍ക്കാരിനെ മാത്രം ആശ്രയിക്കരുത്. അധികാരം ഉറപ്പിക്കുന്നതിനായി നിരന്തരം തെറ്റായ കാര്യങ്ങളെ ആശ്രയിക്കുകയാണ് ഏകാധിപത്യ സര്‍ക്കാരുകള്‍. കൊവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്,’ ചന്ദ്രചൂഢ് പറഞ്ഞു.
രാഷ്ട്രീയമായും, സാമൂഹികമായും, സാമ്പത്തികമായും, സാംസ്‌കാരികപരമായുമുള്ള വിവരങ്ങള്‍ക്ക് സര്‍ക്കാരിനെ അമിതമായി വിശ്വസിക്കുന്നതില്‍ ചന്ദ്രചൂഢ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വ്യാജവാര്‍ത്തകളുടെ ഒരു പ്രതിഭാസം തന്നെ ഇപ്പോള്‍ നിലവിലുണ്ടെന്നും, വളരെ ‘സെന്‍സേഷണല്‍’ ആയ വാര്‍ത്തകള്‍ അറിയാന്‍ ആളുകള്‍ക്ക് താത്പര്യം കൂടുതലാണെന്നും ജഡ്ജി പറഞ്ഞു.
ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന തെറ്റായ ഉള്ളടക്കത്തിന് അതാത് കമ്പനികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ചന്ദ്രചൂഢ് പറഞ്ഞു.