ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഒരു പൗരന് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
സുപ്രീംകോടതിയിലെ സ്യതന്ത്ര്യദിനാഘോഷത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരോടും രാജ്യത്തോടും ചെയ്യേണ്ട കടമകളെക്കുറിച്ച് ഓരോ പൗരനെയും ഓര്‍മ്മിപ്പിക്കുകയാണ് സ്വാതന്ത്ര്യദിനമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനും കടമകള്‍ നിര്‍വഹിക്കാനും രാജ്യത്തെ പൗരന്മാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ന് ബംഗ്ലാദേശില്‍ സംഭവിക്കുന്നത് സ്വാതന്ത്ര്യം നമുക്ക് എത്ര വിലപ്പെട്ടതാണെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ്. സ്വാതന്ത്ര്യത്തെ നിസ്സാരമായി കാണുന്നത് എളുപ്പമാണ്. എന്നാല്‍ മുന്‍കാല ഇന്ത്യയെക്കുറിച്ച് ആലോചിക്കുമ്പോള്‍ സ്വാതന്ത്ര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും,’ ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ബംഗ്ലാദേശിലെ നിലവിലെ രാഷ്ടീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ പരാമര്‍ശം.
സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ അഭിഭാഷകരെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ചവരാണ് അഭിഭാഷകരെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം ആശംസകള്‍ രേഖപ്പെടുത്തി.
രാജ്യത്തെ ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയുടെ ഇടപെലുകള്‍ ഉണ്ടാവുമെന്നും പറഞ്ഞു.
Content Highlight: DY Chandrachood About Indias Independence