| Saturday, 2nd November 2024, 4:01 pm

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലവസരങ്ങള്‍ 16 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടന്ന വിശകലനത്തില്‍ 14 സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആറ് സംസ്ഥാനങ്ങളില്‍ തൊഴിലവസരം കൂടുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തൊഴിലവസരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.6 ശതമാനമാണ് കുറഞ്ഞതെന്നും തമിഴ്‌നാട്ടിലും ഒഡീഷയിലുമാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിവില്‍ സൊസൈറ്റി സംഘടനകളായ ലിബ്‌ടെക് ഇന്ത്യയും എന്‍.ആര്‍.ഇ.ജി.എ യും പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കണക്ക്.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം തൊഴില്‍ ദിനങ്ങളുടെ എണ്ണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിച്ചിട്ടുമുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ സജീവമായ തൊഴിലാളികളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തോളം കുറവുണ്ടാവുകയായിരുന്നു.

പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ആശങ്കയുണ്ടെന്നും ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യതയെ കുറിച്ച് ആശങ്കയുണ്ടെന്നും പരാമര്‍ശമുണ്ട്.

2022-23 കാലയളവില്‍ 10 ശതമാനം വര്‍ധിച്ച തൊഴിലാളികള്‍ ഈ വര്‍ഷം കുറഞ്ഞതിനാലാണ് നടത്തിപ്പിനെ കുറിച്ച് ആശങ്കയുണ്ടാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 183.99 കോടിയും 166.17 കോടിയുമായിരുന്ന തൊഴില്‍ ദിനങ്ങള്‍ 153.53 കോടിയായി കുറയുകയായിരുന്നു.

വേതനാടിസ്ഥാനത്തിലുള്ള ജോലി ആയതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷവും സജീവ തൊഴിലാളികളുടെ എണ്ണം മാറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സജീവ തൊഴിലാളി

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലോ ഒരു സാമ്പത്തിക വര്‍ഷത്തിലോ ഒരു ദിവസം ജോലി ചെയ്തിട്ടുള്ള ഏതൊരു വ്യക്തിയും സജീവ തൊഴിലാളിയാണ്. അതിനാല്‍ തന്നെ ഓരോ സാമ്പത്തിക വര്‍ഷത്തിലും തൊഴിലാളികളുടെ എണ്ണം മാറുന്നു.

അതേസമയം ബജറ്റ് എസ്റ്റിമേറ്റിനും വര്‍ധിച്ചുവരുന്ന പ്രവണതയുണ്ടെന്നും കഴിഞ്ഞ വര്‍ഷം 60000 കോടി രൂപയായിരുന്നത് ഈ വര്‍ഷം 86000 കോടിയിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിസ്റ്റുകളില്‍ പേരുകള്‍ കൃത്യമായി നല്‍കാത്തത്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പെയ്‌മെന്റ് സിസ്റ്റം, നടപ്പിലാക്കുന്നതിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ സജീവമായ തൊഴിലാളികളുട എണ്ണം കുറയാന്‍ കാരണമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Dwindling opportunities for indentured workers: report

We use cookies to give you the best possible experience. Learn more