ഐ.പി.എല്‍ ഗുജറാത്ത് ലയണ്‍സിന്റെ വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ച പ്രമുഖ സ്‌പോട്‌സ് ഉല്‍പന്ന ബ്രാന്‍ഡായ അഡിഡാസ് വിവാദത്തില്‍. ട്വന്റ20യില്‍ ആദ്യമായി 300 വിക്കറ്റ് നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് ബ്രാവോ സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാരിക്കേച്ചര്‍ അഡിഡാസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.
ബ്രാവോയുടെ മുന്നൂറ് വിക്കറ്റ് നേട്ടം ആഘോഷിക്കുക എന്ന ആഹ്വാനത്തോടെയാണ് അഡിഡാസ് ഈ കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരവധി ആരാധകര്‍ അഡിഡാസിന്റെ നടപടിക്കെതിരെ രംഗത്ത് വന്നു. ബ്രാവോയ്ക്ക് നേരെ നടന്നത് വംശീയ അധിക്ഷേപമാണെന്നാണ് ആരാധകരുടെ ആരോപണം. ഇതോടെ പ്രതിരോധത്തിലായ അഡിഡാസ് കാരിക്കേച്ചര്‍ പിന്‍വലിക്കുകയും ആരാധകര്‍ക്കുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തു.
ഇതിനിടെ സംഭവത്തെ പറ്റി പ്രതികരിച്ച് ബ്രാവോ തന്നെ പ്രസ്താവന പുറത്തിറക്കി. അഡിഡാസിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായും എല്ലാ മൂല്യങ്ങളെയും പാരമ്പര്യങ്ങളേയും ഉള്‍ക്കൊളളുന്നതാണ് തന്റെ സംസ്‌കാരമെന്നും ബ്രാവോ വ്യക്തമാക്കി.