| Thursday, 25th May 2023, 10:28 pm

'സത്യം പറയാമല്ലോ, എനിക്ക് മുംബൈയെ പേടിയാണ്, ഫൈനലില്‍ നേരിടാന്‍ താത്പര്യമില്ല' തുറന്നടിച്ച് ചെന്നൈ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 20223ന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവും നിലവിലെ സി.എസ്.കെ ബൗളിങ് കോച്ചുമായ ഡ്വെയ്ന്‍ ബ്രാവോ. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് ബ്രാവോ ഇക്കാര്യം പറഞ്ഞത്.

‘ഇല്ല, എനിക്ക് മുംബൈ ഇന്ത്യന്‍സിനെ പേടിയാണ് (ചിരിക്കുന്നു). ഞങ്ങളതിനെ അങ്ങനെ കാണുന്നില്ല. മറ്റ് ടീമുകളും അപകടകാരികളാണ്, ക്വാളിറ്റി ടീമുകളാണ് അവര്‍. ഫൈനലില്‍ മുംബൈയെ നേരിടേണ്ടി വരരുതെന്നാണ് വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ സുഹൃത്തായ പൊള്ളാര്‍ഡിനും അക്കാര്യമറിയാം.

തമാശ മാറ്റിവെച്ച് മറ്റ് ടീമുകള്‍ക്ക് ബെസ്റ്റ് ഓഫ് ലക്ക് നേരുകയാണ്. ഫൈനലില്‍ ഞങ്ങള്‍ക്ക് ആരെയാണ് നേരിടാനുള്ളത് എന്നതിനെ കുറിച്ചാണ് ഞങ്ങളിപ്പോള്‍ ചിന്തിക്കുന്നത്,’ ബ്രാവോ പറഞ്ഞു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ നാല് തവണ മുംബൈയും ചെന്നൈയും ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണയും വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. ഒരിക്കല്‍ മാത്രമാണ് ഫൈനലില്‍ ചെന്നൈക്ക് മേല്‍ ആധിപത്യമുറപ്പിക്കാന്‍ സാധിച്ചിട്ടുള്ളത്.

2010ലാണ് ആദ്യമായി ചെന്നൈയും മുംബൈയും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഹോം ടീമിനെ 22 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ കന്നിക്കിരീടമുയര്‍ത്തിയത്.

തുടര്‍ന്ന് ചെന്നൈയെ ഫൈനലില്‍ ലഭിച്ചപ്പോഴെല്ലാം തന്നെ മുംബൈ പകരം വീട്ടിയിരുന്നു. 2013, 2015, 2019 സീസണുകളിലാണ് മുംബൈ ചെന്നൈയെ തകര്‍ത്തുവിട്ടത്. അവസാന പന്ത് വരെ ആവേശം അലതല്ലിയ 2019 ഫൈനലില്‍ ഒറ്റ റണ്‍സിനായിരുന്നു ചെന്നൈയെ തകര്‍ത്ത് മുംബൈ കപ്പുയര്‍ത്തിയത്.

ഫൈനലില്‍ മാത്രമല്ല, ഹെഡ് ടു ഹെഡ് ബാറ്റിലിലും മുന്‍തൂക്കം മുംബൈക്കാണ്. ഇരുവരും 36 മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 20 തവണയും വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. 16 തവണയാണ് ചെന്നൈ വിജയിച്ചത്.

എന്നാല്‍ ഈ സീസണിലെ രണ്ട് മത്സരത്തിലും വിജയികള്‍ ചെന്നൈ ആയിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയപ്പോള്‍ ചെപ്പോക്കില്‍ ആറ് വിക്കറ്റിനായിരുന്നു സൂപ്പര്‍ കിങ്‌സ് വിജയിച്ചുകയറിയത്.

ഈ സീസണില്‍ മറ്റൊരു എല്‍ ക്ലാസിക്കോ ഫൈനല്‍ പിറക്കണമെങ്കില്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യം ഗുജറാത്തിനെ മറികടക്കണം. മെയ് 26നാണ് മത്സരം. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: Dwayne Bravo says he don’t want to face Mumbai Indians in IPL 2023 final

We use cookies to give you the best possible experience. Learn more