ലോങ്ങസ്റ്റ് സിക്‌സറടക്കം ആറ് സിക്‌സര്‍ 🔥, അഞ്ച് ഫോര്‍, ഒറ്റ ഓവറില്‍ 17 🔥; തോറ്റിട്ടും ജയിച്ച് ബ്രാവോ
Sports News
ലോങ്ങസ്റ്റ് സിക്‌സറടക്കം ആറ് സിക്‌സര്‍ 🔥, അഞ്ച് ഫോര്‍, ഒറ്റ ഓവറില്‍ 17 🔥; തോറ്റിട്ടും ജയിച്ച് ബ്രാവോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th July 2023, 10:52 am

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി ഡ്വെയ്ന്‍ ബ്രാവോ. വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരായ മത്സരത്തില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് ബ്രാവോ ഒരിക്കല്‍ക്കൂടി തന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് പുറത്തെടുത്തത്.

39 പന്തില്‍ പുറത്താകാതെ 76 റണ്‍സാണ് ബ്രാവോ അടിച്ചുകൂട്ടിയത്. അഞ്ച് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടെയാണ് ബ്രാവോയുടെ വെടിക്കെട്ട്.

ടെക്‌സസിന്റെ ഹോം ഗ്രൗണ്ടായ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു പടുകൂറ്റന്‍ സിക്‌സറും ബ്രാവോയുടെ ബാറ്റില്‍ നിന്നും പിറന്നിരുന്നു. 106 മീറ്റര്‍ അകലത്തില്‍ പറന്നിറങ്ങിയ ആ സിക്‌സറായിരുന്നു ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ലോങ്ങസ്റ്റ് സിക്‌സര്‍.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

ഇതിന് പുറമെ അന്റിച്ച് നോര്‍ക്യയെറിഞ്ഞ 18ാം ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 17 റണ്‍സും ബ്രാവോ സ്വന്തമാക്കിയിരുന്നു.

ബ്രാവോയുടെ വെടിക്കെട്ടിലും തോല്‍വിയായിരുന്നു സൂപ്പര്‍ കിങ്‌സിന് നേരിടേണ്ടി വന്നത്. ആറ് റണ്‍സിനായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വാഷിങ്ടണ്‍ ഫ്രീഡം മാത്യൂ ഷോര്‍ട്ടിന്റെ വെടിക്കെട്ടില്‍ മികച്ച സ്‌കോറിലേക്കുയര്‍ന്നിരുന്നു. 50 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 50 റണ്‍സാണ് താരം നേടിയത്.

ഷോര്‍ട്ടിന് പുറമെ ക്യാപ്റ്റന്‍ മോയ്‌സസ് ഹെന്റിക്വെസും (24 പന്തില്‍ 21) മുക്താര്‍ അഹമ്മദും (20 പന്തില്‍ 20) ടോട്ടലിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ഫ്രീഡം നിശ്ചിത ഓവറില്‍ 163 റണ്‍സിന് അഞ്ച് എന്ന നിലയിലേക്കുയര്‍ന്നു.

സൂപ്പര്‍ കിങ്‌സിനായി ജെറാള്‍ഡ് കോട്‌സീ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രാവോ, മുഹമ്മദ് മൊഹ്‌സിന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

164 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ടെക്‌സസിന് ഡെവോണ്‍ കോണ്‍വേയെ ഗോള്‍ഡന്‍ ഡക്കായി നഷ്ടമായി. ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ ഫാഫിനും ലാഹിരു മിലാന്തയ്ക്കും ഡേവിഡ് മില്ലറിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ സൂപ്പര്‍ കിങ്‌സ് വന്‍ തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ മധ്യനിരയില്‍ ബ്രാവോ ആഞ്ഞടിച്ചപ്പോള്‍ ആരാധകര്‍ ഒരുവേള വിജയം മുമ്പില്‍ കണ്ടു.

എന്നാല്‍ ബ്രാവോക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയപ്പോള്‍ സൂപ്പര്‍ കിങ്‌സ് ആറ് റണ്‍സകലെ കാലിടറി വീണു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് സൂപ്പര്‍ കിങ്‌സ് നേടിയത്.

ഫ്രീഡത്തിനായി അകീല്‍ ഹൊസൈനും മാര്‍കോ യാന്‍സെനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹെന്റിക്വെസ്, സൗരഭ് നേത്രാവല്‍ക്കര്‍, ഡെയ്ന്‍ പീഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടൂര്‍ണമെന്റില്‍ ഫ്രീഡത്തിന്റെ ആദ്യ വിജയമാണിത്. രണ്ട് മത്സരത്തില്‍ ഒരു ജയവും ഒരു തോല്‍വിയുമായി സൂപ്പര്‍ കിങ്‌സിന് പിറകില്‍ നാലാം സ്ഥാനത്താണ് ഫ്രീഡം.

ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഫ്രീഡത്തിന്റെ അടുത്ത മത്സരം. ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ ജൂലൈ 21ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കാണ് മത്സരം.

 

Content Highlight: Dwayne Bravo’s brilliant batting performance against Washington Freedom