| Friday, 27th September 2024, 1:21 pm

ഡ്വെയ്ന്‍ ബ്രാവോ ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍; അമ്പരന്ന് ക്രിക്കറ്റ് ലോകം!

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ഡ്വെയ്ന്‍ ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2024 കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു അവസാനമായി താരം കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2021ല്‍ വിരമിച്ച ശേഷം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബൗളിങ് പരിശീലകനായി ബ്രാവോ സ്ഥാനമേറ്റിരുന്നു.

എന്നാല്‍ ഇപ്പോള്‍ 2025 ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനത്തേക്ക് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയെ തെരഞ്ഞെടുത്തിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലാണ് വിവരം പുറത്ത് വന്നത്.

2024 ഐ.പി.എല്‍ സീസണില്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറായിരുന്നു കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനത്ത് എത്തിയത്. സീസണില്‍ ടീം തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായതോടെ മെന്റര്‍ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.

ഇതോടെ വരാനിരിക്കുന്ന സീസണില്‍ കൊല്‍ക്കത്തയ്ക്ക് കരുത്തനായ ബ്രാവോയുടെ സേവനവും ലഭിച്ചിരിക്കുകയാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇത് വലിയ തിരിച്ചടി തന്നെയാണ്. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുമായി ബ്രാവോയ്ക്ക് മികച്ച ബന്ധമാണ് ഉള്ളത്. ട്രിന്‍ബാന്‌ഗോ നൈറ്റ് റൈഡേഴ്, ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാഞ്ചൈസികളില്‍ മുന്‍ താരം മെന്ററായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഐ.പി.എല്ലില്‍ 2008 മുതല്‍ 2022 വരെ താരം സജീവമായിരുന്നു. ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരത്തിന് മൊത്തം 161 ഐ.പി.എല്‍ മത്സരങ്ങളിലെ 158 ഇന്നിങ്സില്‍ നിന്ന് 183 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്, മാത്രമല്ല 113 ഇന്നിങ്സില്‍ 1560 റണ്‍സും ബ്രാവോ സ്വന്തമാക്കി.

താരത്തിന്റെ അവസാന ഐ.പി.എല്‍ മത്സരം 2022 മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു. പിന്നീട് ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമായ താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 107 മത്സരങ്ങളില്‍ നിന്ന് 1155 റണ്‍സ് നേടുകയും 129 വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: Dwayne Bravo has been appointed as the mentor of KKR for the 2025 IPL season

We use cookies to give you the best possible experience. Learn more