ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ആറാം തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. പഞ്ചാബ് കിംഗ്‌സായിരുന്നു ചെന്നൈയെ തോല്‍പിച്ചത്. ഇതോടെ എട്ട് കളിയില്‍ നിന്നും 2 ജയം മാത്രമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ.
ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരമായിരുന്നു ചെന്നൈ കൈവിട്ടുകളഞ്ഞത്. 11 റണ്‍സിനായിരുന്നു ചെന്നൈയുടെ പരാജയം.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു അപൂര്‍വ നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം പിറക്കുന്നത്.
ഡെത്ത് ഓവറുകളില്‍ നൂറ് വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഇതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിലാണ് ബ്രാവോ വീണ്ടും തന്റെ പേരെഴുതി ചേര്‍ത്തിരിക്കുന്നത്.
അപൂര്‍വ നേട്ടത്തിനുടമയായെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അത്യാവശ്യം റണ്‍സും താരം താരം വിട്ടു നല്‍കിയിരുന്നു. നാല് ഓവറില്‍ 2 വിക്കറ്റ് വീഴ്ത്തി 42 റണ്‍സായിരുന്നു ബ്രാവോ വഴങ്ങിയത്.
ഡെത്ത് ഓവറിലെ വിക്കറ്റ് നേട്ടത്തില്‍ രണ്ടാമന്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗിലെ കുന്തമുനയും നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിംഗ് കോച്ചുമായ ലസിത് മലിംഗയാണ്. 90 വിക്കറ്റാണ് താരം ഡെത്ത് ഓവറില്‍ നിന്നും നേടിയത്.
75 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറാണ് പട്ടികയിലെ മൂന്നാമന്‍. 65 വിക്കറ്റുമായി മുംബൈ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയും പട്ടികയില്‍ നാലാമതായുണ്ട്.
ഇതുകൂടാതെ, ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം എന്ന നേട്ടവും ബ്രാവോയ്ക്ക് സ്വന്തമാണ്. 153 മത്സരത്തില്‍ നിന്നും 8.36 എന്ന എക്കോണമിയില്‍ 181 വിക്കറ്റാണ് താരം വീഴ്ത്തിയത്. 122 മത്സരത്തില്‍ നിന്നും 170 വിക്കറ്റുമായി മലിംഗയാണ് രണ്ടാമത്.