കാണ്‍പൂര്‍: വിന്‍ഡീസ് ടീമംഗങ്ങള്‍ തമ്മിലുളള ട്വിറ്റര്‍ യുദ്ധം കളിക്കളത്തിലേക്കും. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡും ഗുജറാത്തിന്റെ ഡ്വെയിന്‍ ബ്രാവോയും തമ്മില്‍ പരസ്യമായി തമ്മില്‍തല്ലിയത്. പൊള്ളാര്‍ഡ് അല്‍പം ക്ഷമ കാണിച്ചില്ലായിരുന്നെങ്കില്‍ ഐ.പി.എല്ലിന് തന്നെ നാണക്കേടാകും വിധത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമായിരുന്നു.
മത്സരത്തിന്റ പതിനാലാം ഓവറിലായിരുന്നു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ബ്രാവോയുടെ പന്തില്‍ ജോസ് ബട്‌ലര്‍ പുറത്തായശേഷമാണ് പൊള്ളാര്‍ഡ് ക്രീസിലെത്തിയത്.ബ്രാവോയുടെ പന്ത് നേരിട്ട പൊള്ളാര്‍ഡ് മുന്നോട്ടു കയറി അടിക്കാനൊരുങ്ങിയശേഷം പ്രതിരോധിച്ചു. പന്ത് കൈയിലെടുത്തശേഷം ബ്രാവോ പൊള്ളാര്‍ഡിന് സമീപമെത്തി ദേഹത്ത് തോള്‍ കൊണ്ട് ഇടിച്ചു. ഇതേസമയം അടിക്കാനോങ്ങിയ ബാറ്റുമായി പൊള്ളാര്‍ കൈ ഉയര്‍ത്തി നിന്നു. അടിയുടെ വക്കോളമെത്തിയശേഷം ബ്രാവോ ചിരിച്ച് നടന്നകന്നു.
കഴിഞ്ഞ ദിവസം വിന്‍ഡീസ് സെലക്ടര്‍മാര്‍ ഏകദിന ടീമിലേക്ക് പൊള്ളാര്‍ഡിനെയും സുനില്‍ നരെയ്‌നെയും തിരിച്ചെടുത്തിരുന്നു. എന്നാല്‍ ബ്രാവോ, സമി. ഗെയ്ല്‍ എന്നിവരെ ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതുകൊണ്ടാണ് ഒഴിവാക്കിയത് എന്നായിരുന്നു വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇതിന് പറഞ്ഞ ന്യായീകരണം.
എന്നാല്‍ പരിക്ക് മൂലം പൊള്ളാര്‍ഡും വിന്‍ഡീസിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിച്ചിട്ടില്ല. ബോര്‍ഡിന്റെ ഇരട്ടത്താപ്പിനെതിര ബ്രാവോ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവരികയും ചെയ്തു. ഇതിനിടെയാണ് കളിക്കളത്തിലും ഇരുവരും ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയത്.