വാഷിങ്ടണ്‍: “സാമൂഹിക മാധ്യമം”എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു “സര്‍വെയിലന്‍സ് കമ്പനി”യാണ് ഫേസ്ബുക്കെന്ന് എഡ്വേഡ് സ്‌നോഡന്‍. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൗരന്‍മാരുടെ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തുകയും ചെയ്ത എഡ്വേഡ് സ്നോഡന്‍ രംഗത്തെത്തിയിരിക്കുന്നത്.
പത്തു ദശലക്ഷം ഫേസ്ബുക്ക് ഉപഭോക്താക്കളില്‍നിന്നായി കേംബ്രിഡ്ജ് അനലിറ്റിക്ക ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെയും മറ്റു സാമൂഹിക മാധ്യമങ്ങളുടേയും ഉത്തരവാദിത്വമില്ലായ്മയെ ചൂണ്ടിക്കാട്ടി കേംബ്രിഡ്ജ് അനലിറ്റിക്കയും രംഗത്തെത്തി.
ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ വിവരങ്ങളെ ചൂഷണം ചെയ്തും വിറ്റുമാണ് ഫേസ്ബുക്ക് പണം സമ്പാദിക്കുന്നതെന്ന വിമര്‍ശനം സ്നോഡന്‍ തന്റെ രണ്ട് ട്വീറ്റുകളിലൂടെ ഉന്നയിച്ചിരിക്കുന്നത്. “സാമൂഹിക മാധ്യമം”എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു “സര്‍വെയിലന്‍സ് കമ്പനി”യാണ് ഫേസ്ബുക്ക് എന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതല്ല; ഫേസ്ബുക്ക് ഈ കൃത്യത്തില്‍ കൂട്ടുപ്രതികളാണ്. ഫേസ്ബുക്കുമായുള്ള കരാറിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് നിബന്ധനകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ശനിയാഴ്ച പ്രസ്താവനയിറക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്‌നില്‍ പ്രവര്‍ത്തിച്ച കമ്പനിയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക.
2013 ജൂണിലാണ് എന്‍.എസ്.എയില്‍ കോണ്‍ട്രാക്ടറായിരിക്കെ അമേരിക്കയുടെ ഇന്റര്‍നെറ്റ് ചാരവൃത്തിയെക്കുറിച്ചുളള വെളിപ്പെടുത്തലുകള്‍ സ്നോഡന്‍ നടത്തിയത്. മുപ്പത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്നോഡനെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. സ്നോഡനിപ്പോള്‍ റഷ്യയുടെ സംരക്ഷണത്തിലാണ്.
Related News:
ബിജെപിയെ എന്‍എസ്എ നിരീക്ഷിച്ചിരുന്നുവെന്ന് എഡ്വേഡ് സ്‌നോഡന്‍
സ്‌നോഡന്റെ ജീവിതം സിനിമയാക്കുന്നു
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍