ഉഷയ്ക്കു ശേഷം ഒരേയൊരു ദ്യുതി
Daily News
ഉഷയ്ക്കു ശേഷം ഒരേയൊരു ദ്യുതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th June 2016, 3:56 am

വേഗപ്പോരില്‍ വിദേശതാരങ്ങളുടെ അതിവേഗകുതിപ്പ് കണ്ട് ശീലിച്ച നമുക്ക് ഇത്തവണ ഒരു സ്വദേശിതാരത്തിന്റെ വിസ്മയകുതിപ്പിന് സാക്ഷിയാവാം. കയ്യടിക്കാം. പ്രോത്സാഹിപ്പിക്കാം. ലോകകായികമാമാങ്കത്തിലെ അതിവേഗപ്പോരിന്‍ ട്രാക്കില്‍ മിന്നല്‍പിണരാവാന്‍ ഒരിന്ത്യന്‍ പെണ്‍കൊടി യോഗ്യത നേടിയിരിക്കുന്നു


dhutee


vibishറിയോ ടോക്‌സ്|വിബീഷ് വിക്രം


പുരുഷന്‍മാരില്‍ ഉസൈന്‍ ബോള്‍ട്ട്,യോഹാന്‍ ബ്ലേക്ക്,ജെസ്റ്റിന്‍ ഗാട്‌ലിന്‍ അങ്ങിനെയങ്ങിനെ ഒരുപിടി താരങ്ങള്‍. വനിതകളില്‍ ഷെല്ലി ആന്‍ ഫ്രോസര്‍,കാര്‍മലിറ്റാ ജെറ്റര്‍,വെറോണിക്കാ കാംപെല്‍ എന്നിങ്ങനെ നീളുന്നു ആ നിര. പറഞ്ഞ് വരുന്നത് ഒളിമ്പിക്‌സിലെ ഏറ്റവും ഗ്ലാമറസ് ഇനമായ നൂറ് മീറ്ററില്‍ ട്രാക്കുകളെ തീപറത്തി കുതിക്കുന്നവരെ കുറിച്ചാണ്. മത്സരത്തിന് തൊട്ടുമുമ്പ് ഇവരൊക്കെ മസിലുപെരുക്കി നിരന്ന് നില്‍ക്കുമ്പോള്‍ ചങ്കിടിപ്പേറുന്നത് കായികപ്രേമികള്‍ക്കാണ്.

അലസചേഷ്ടകള്‍ക്ക് പിന്നാലെ വലിഞ്ഞ് മുറുകിയ മുഖവുമായി സ്റ്റാര്‍ട്ടിങ്ങ്‌ പോയന്റിലേക്ക്. മുട്ടുകുത്തി, മുന്നിലേക്ക് കണ്ണുപായിച്ച്, വെടിയൊച്ചക്ക് കാതോര്‍ത്ത്, കുതിക്കാനാഞ്ഞ്, കുറച്ച് നിമിഷം. അപ്പോള്‍, നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യമുണ്ടെന്ന് തോന്നും. സ്റ്റാര്‍ട്ടറുടെ കയ്യിലെ തോക്ക് ഉച്ചത്തില്‍ ശബ്ദിക്കുന്നു. പിന്നെ കാണാനാവുക കാലുകളില്‍ വന്യമായ കരുത്താര്‍ജ്ജിച്ചൊരു കുതിപ്പാണ്. ഇമചിമ്മി തുറക്കുമ്പോഴേക്കും ഫിനിഷിങ്ങ് പോയന്റും
മറികടന്ന് ചിരിച്ച് നില്‍ക്കുന്നുണ്ടാവും അവര്‍.

ഇവരുടെയൊക്കെ മാസ്മരിക പ്രകനങ്ങള്‍ ടെലിവിഷനുകളിലൂടെ ശ്വാസമടക്കിപ്പിടിച്ചിരുന്ന് എത്രയോ തവണ വീക്ഷിച്ചിരിക്കുന്നു. അപ്പോഴൊക്കെ ഒരിന്ത്യന്‍ താരം ഈ നിരയിയിലണിനിരന്ന് കുതിക്കുന്നത് കാണാനാവുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. സമീപഭാവിയിലൊന്നും പ്രതീക്ഷിക്കണ്ടാ എന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിഗമനവും അകമ്പടിയായെത്തും. പക്ഷെ എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നിഗമനവും ചിലപ്പോഴൊക്കെ തെറ്റിയെന്ന് വരാം. ഇവിടെയും അത് തന്നെ സംഭവിച്ചിരിക്കുന്നു. അടുത്തകാലത്തൊന്നും അപ്രാപ്യമാവില്ലെന്ന് കരുതിയത് സാധ്യമായിരിക്കുന്നു.


തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമപരമായി തന്നെ നീങ്ങി ദ്യുതി. ഒടുവില്‍ അന്താരാഷ്ട്ര കായിക കോടതിയുടെ വിധി ദ്യുതിക്ക് അനുകൂലമായി. പക്ഷെ അപ്പോഴേക്കും അധികാരികളുടെ അവഹേളനത്തിന്റെ ഭാഗമായി വിലപ്പെട്ട രണ്ട് വര്‍ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.


 

dutee

വേഗപ്പോരില്‍ വിദേശതാരങ്ങളുടെ  അതിവേഗകുതിപ്പ് കണ്ട് ശീലിച്ച നമുക്ക് ഇത്തവണ ഒരു സ്വദേശിതാരത്തിന്റെ വിസ്മയകുതിപ്പിന് സാക്ഷിയാവാം. കയ്യടിക്കാം. പ്രോത്സാഹിപ്പിക്കാം. ലോകകായികമാമാങ്കത്തിലെ അതിവേഗപ്പോരിന്‍ ട്രാക്കില്‍ മിന്നല്‍പിണരാവാന്‍ ഒരിന്ത്യന്‍ പെണ്‍കൊടി യോഗ്യത നേടിയിരിക്കുന്നു. റിയോയിലെ 100 മീറ്റര്‍ സ്റ്റാര്‍ട്ടിങ്ങ് പോയന്റില്‍ ഇന്ത്യക്കായി കുതിക്കാന്‍ ഒരു പെണ്‍പുലി ഉണ്ടാവും. ഒഡീഷയില്‍ നിന്നുള്ള ഇരുപതുകാരി ദ്യുതി ചന്ദ്.

കസാക്കിസ്ഥാനില്‍ നടന്ന ജി കൊസനോവ് മെമ്മോറിയല്‍ ചാമ്പ്യന്‍ഷിപ്പില്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ ഓടിയെത്തിയാണ് ദ്യുതി റിയോയിലേക്ക് പറക്കാന്‍ അവസരം നേടിയത്. 11.32 സെക്കന്റായിരുന്നു ഒളിമ്പിക്ക് യോഗ്യതാ മാര്‍ക്ക്. 11.30 സെക്കന്റില്‍ ഓടിയെത്തിയ ദ്യുതി റിയോയിലേക്കുള്ള ടിക്കറ്റുറപ്പിക്കുകയായിരുന്നു. സമാനതകളില്ലാത്ത നേട്ടം. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിന്ത്യന്‍ താരം ഒളിമ്പിക്‌സ് 100 മീറ്ററില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നത്. ഇന്ത്യയുടെ കായിക ചരിത്ത്രതില്‍ ഒരേ ഒരു പി,ടി. ഉഷയ്ക്കു മാത്രം സാധ്യമായത്.

ഉഷയുടെ പോലെ തന്നെ പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും കഠിനാദ്ധ്വോനവും കൊണ്ട് മറികടന്നാണ് ദ്യുതിയുടെയും കുതിപ്പ്. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നും സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വന്ന താരം. കരിയറിന്റെ ഉന്നതിയിലെത്തി നില്‍ക്കെ അവഗണനയും പരിഹാസവും ഒരുപോലെ എതിരിരിടേണ്ടി വന്നവള്‍. ശരീരത്തില്‍ പുരഷഹോര്‍മോണ്‍ കൂടുതലായതാണ് ദ്യുതിക്ക് വിനയായത്. താരത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ വിലക്കി.

dutee22തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമപരമായി തന്നെ നീങ്ങി ദ്യുതി. ഒടുവില്‍ അന്താരാഷ്ട്ര കായിക കോടതിയുടെ വിധി ദ്യുതിക്ക് അനുകൂലമായി. പക്ഷെ അപ്പോഴേക്കും അധികാരികളുടെ അവഹേളനത്തിന്റെ ഭാഗമായി വിലപ്പെട്ട രണ്ട് വര്‍ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷെ ദ്യുതിയിലെ പോരാളിയായ സ്പ്രിന്റര്‍ക്ക് നഷ്ടപ്പെട്ടതോര്‍ത്ത് വിലപിച്ചിരിക്കാന്‍ തീരെ സമയമില്ലായിരുന്നു. പതിന്മടങ്ങ് വീറോടെ വീണ്ടും ട്രാക്കില്‍ തിരിച്ചെത്തിയ താരം കഴിഞ്ഞ ദേശീയ ഗെയിംസിലും ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റിലും മിന്നും പ്രകടനത്തോടെ സ്വര്‍ണ്ണം നേടിയിരുന്നു. പിന്നാലെ ഇപ്പോഴിതാ ഒളിമ്പിക്‌സ് യോഗ്യതയും.

ഇനിയെങ്കിലും ഈ താരത്തോടുള്ള അവഗണന അവസാനിപ്പിക്കാം. റിയോയിലെ ട്രാക്കില്‍ നിന്നും ഒരു മിന്നല്‍പ്പിണരായി കുതിക്കാനൊരുങ്ങുന്ന ദ്യുതിക്കായി നമുക്ക് ഒരുമിച്ച് കയ്യടിക്കാം. അപ്പോഴും ഒരു സത്യം പറയാതെ വയ്യ. ആദ്യമേ സൂചിപ്പിച്ച ഷെല്ലി ആന്‍ഫ്രേസറും, കാര്‍മലിറ്റാ ജെറ്ററും, വെറോണിക്കാ കാംപെല്ലുമൊക്കെ മത്സരിക്കാനിറങ്ങുന്ന ഇനത്തില്‍ ഇന്ത്യക്ക് ഒരു മെഡലെന്നത് വന്യമായ സ്വപ്നങ്ങളില്‍ പോലും വെച്ച് പുലര്‍ത്തേണ്ട. പക്ഷെ നേരത്തേ സൂചിപ്പിച്ചത് പോലെ എത്ര യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിഗമനവും ചിലപ്പോഴൊക്കെ തെറ്റിയെന്ന് വരാം. ഇവിടെയും അത് തന്നെ സംഭവിക്കട്ടെയെന്ന് ആശിക്കാം…..