ന്യൂദല്‍ഹി: 20 വര്‍ഷത്തിന് ശേഷം വനിത നൂറു മീറ്ററില്‍ മെഡല്‍ നേടി ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസിലെ വേഗമേറിയ രണ്ടാമത്തെ വനിതയായി ദ്യുതി ചന്ദ് മാറിയപ്പോള്‍ അത് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ അപമാനിച്ചു വിട്ടവര്‍ക്കുള്ള മറുപടി കൂടിയായി. വേഗമേറിയ താരത്തെ കണ്ടെത്താനുള്ള ആവേശപ്പോരാട്ടത്തില്‍ 11.32 സെക്കന്‍ഡിലാണ് ദ്യുതി രണ്ടാമതെത്തിയത്.
2014 ല്‍ ഗ്ലാസ്ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒരുങ്ങാന്‍ നിര്‍ദേശം ലഭിച്ച കാലത്തായിരുന്നു ദ്യുതിക്ക് അധികാരികളില്‍ നിന്നും സമാനതകളില്ലാത്ത അപമാനം നേരിടേണ്ടി വന്നത്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ദ്യുതിയെ ആണോ പെണ്ണോ എന്നറിയാന്‍ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് പരിശോധന നടത്തി അപമാനിച്ചത്.
ശരീരത്തിലെ രോമങ്ങളെക്കുറിച്ചും മാസമുറയെക്കുറിച്ചും ശസ്ത്രക്രിയയുടെ ചരിത്രത്തെക്കുറിച്ചും ദ്യുതിയുടെ വിനോദങ്ങളെക്കുറിച്ചുമെല്ലാം മോശമായ രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും ജനനേന്ദ്രിയത്തില്‍ വിശദമായ പരിശോധന നടത്തിയുമാണ് ദ്യുതിയെ അപമാനിച്ചത്. മറ്റ് പോംവഴികളില്ലാത്ത ദ്യുതി വേദനയും അപമാനവും കടിച്ചമര്‍ത്തി സഹിക്കുകയായിരുന്നു.
Read Also : കേരളത്തെ ചേര്‍ത്ത് പിടിച്ച എന്‍.ഡി ടിവിക്ക് റേറ്റിംഗ് കൊടുത്ത് നന്ദി പറഞ്ഞ് മലയാളികള്‍
തുടര്‍ന്ന് സായിയുടെ സയന്റിഫിക് ഓഫീസര്‍ ഡോ. എസ്.ആര്‍. സരള തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീ ഹോര്‍മോണുകളേക്കാള്‍ പുരുഷ ഹോര്‍മോണുകളാണ് ദ്യുതിയില്‍ കൂടുതല്‍ എന്ന കണ്ടെത്തലിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മാറ്റുരയ്ക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ലോകവേദിയില്‍ ഇന്ത്യയുടെ മാനം പോകാതിരിക്കാനെന്നയിരുന്നു അത്ലറ്റിക് ഫെഡറേഷന്റെ വാദം. കോമണ്‍വെല്‍ത്ത് ഗെയിംസിന് പത്ത് ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഇത്.
എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്കും തളര്‍ത്തിയവര്‍ക്കും മുന്നില്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാത്ത അത്യന്തം ദാരിദ്ര്യം നിറഞ്ഞ ജീവതത്തിലൂടെ കടന്നു വന്ന ദ്യുതി അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡേറേഷനെ സമീപിക്കുകയും സ്പോര്‍ട്സിന്റെ പരമോന്നത നീതിപീഠമായ അപ്ലെറ്റ് ട്രൈബ്യൂണലില്‍ തന്റെ നിരപരാധിത്വം നിരത്തുകയും ചെയ്തു. ദ്യുതിയെ ലിംഗപരിശോധനയ്ക്ക് വിധേയമാക്കിയ നടപടി ശക്തമായി വിമര്‍ശിച്ചു. ട്രൈബ്യൂണല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് (സി.എ.എസ്) ദ്യുതിക്കൊപ്പം നില്‍ക്കുകയും ചെയ്തു.
ഇതോടെ വീണ്ടും ദ്യുതി ട്രാക്കിലെത്തി. തന്നെ അപമാനിച്ചവര്‍ക്ക് മുന്നില്‍ തന്നെ രാജ്യത്തിന് അഭിമാനമായി തിളങ്ങുന്നൊരു വെള്ളി മെഡലും സമ്മാനിച്ചു.