ഹോഗ്: ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിനുമപ്പുറത്തെ ആകാശവീഥിയിലൂടെ ഒരു അപൂര്‍വ്വ സുന്ദര യാത്ര. അതും ഒരു മാസത്തിലധികം ഒന്നിച്ച് താമസിച്ച് കളിച്ച് ഒരു കുടുംബം പോലെ കഴിഞ്ഞ പ്രിയപ്പെട്ടവര്‍ക്കൊപ്പം. ലോകക്കപ്പ് കിരീടം സ്വന്തമാക്കാനായാല്‍ ഡച്ച് ടീമിനെ കാത്തിരിക്കുന്നത് അത്തരമൊരു യാത്രയാണ്.
നെതര്‍ലാന്റിലെ ഒരു പ്രമുഖ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് കമ്പനിയായ എസ്സ്.എക്‌സ്.സിയാണ് ലോകജേതാക്കളായാല്‍ ഡച്ച് ടീമംഗങ്ങള്‍ക്ക് ശൂന്യാകശത്തേക്കാരു സൗജന്യ ഫ്‌ളൈറ്റ് യാത്ര സമ്മാനമായി വാഗ്ദാനം ചെയ്തിരിക്കുന്നത്..
കിരീടനേട്ടത്തിനായി ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് കമ്പനിയുടെ സമ്മാന വാഗ്ദാനം. കോച്ചുള്‍പ്പെടെയുള്ള മുഴുവന്‍ കളിക്കാരെയും ശൂന്യാകാശം ചുറ്റിക്കറക്കാമെന്നാണ് കമ്പനിയുടെ ഓഫര്‍ .
ഇത് വരെ ലോക കിരീടം സ്വന്തമാക്കാന്‍ നെതര്‍ലാന്റിന് സാധിച്ചിട്ടില്ല. മൂന്ന് തവണയാണ് കപ്പിനും ചുണ്ടിനുമിടയില്‍ നെതര്‍ലന്റുകാര്‍ക്ക് കിരീടം നഷ്ടമായത്. കഴിഞ്ഞ തവണ ഫൈനലില്‍ സ്‌പെയിനിനോടായിരുന്നു തോല്‍വി. അപൂര്‍വ്വ സമ്മാന വാഗ്ദാനം ഡച്ച് ടീമിനെ ലക്ഷ്യം നേടാന്‍ കൂടുതല്‍ പ്രോത്സാഹനമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ചില്ലറക്കാരല്ല സമ്മാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സ്‌പെയ്‌സിലേക്ക് വിനോദ സഞ്ചാരികളുമായി വിമാനയാത്രകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കമ്പനിയാണ് എസ്സ.എക്‌സ്.സി. ഡച്ച് പട കപ്പടിക്കുകയും കമ്പനി വാഗ്ദാനം പാലിക്കുകയുമാണെങ്കില്‍ ഫുട്‌ബോള്‍ കളിക്കാരായ ആദ്യ ശൂന്യാകാശ യാത്രികരാവും ആര്യന്‍ റോബനും കൂട്ടരും.